
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതല്‍ തുടരുന്ന മഴയില്‍ പല ജില്ലകളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയത്.
എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചൂ. തിരുവനന്തപുരത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം ജില്ലയില്‍ പാലാ, പൂഞ്ഞാര്‍ മേഖലകളിലും കനത്ത മഴയാണ്.
കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി. മൂവാറ്റുപുഴ, കളമശേരി എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറിയെന്നാണ് റിപ്പോര്‍ട്ട്. കളമശേരി കുമ്മന്ചേരിയില് തോട് കരകവിഞ്ഞ് ഒഴുകിയതോടെ സമീപപ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം ഇവിടെ രണ്ടാം തവണയാണ് വെള്ളം കയറുന്നത്.
തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഭൂതത്താന്‍കെട്ട് ഡാമിന്റെ 10 ഷട്ടറുകള്‍ തുറന്നു
കൊയിലാണ്ടിയില്‍ മരംവീണ് ആറു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു. മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വടക്കന്‍ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി ( Cyclonic Circulation) യും തമിഴ്നാട് മുതല്‍ മധ്യ പ്രാദേശിന് മുകളിലൂടെ ന്യുനമര്‍ദ്ദ പാത്തിയും ( Trough) നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ / അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു






