
ന്യുഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ശിവലിംഗം കണ്ടെത്തിയെന്ന വിഷയത്തില്‍ ട്വിറ്റര്‍ പോസ്്റ്റിട്ട ഡല്‍ഹി സര്‍വകലാശാലയിലെ ഒരു അസോസിയേറ്റ് പ്രൊഫസര്‍ അറസ്റ്റില്‍. ഹിന്ദു കോളജിലെ അധ്യാപകനായ രത്തന്‍ ലാല്‍ ആണ് ഇന്നലെ രാത്രി അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തി, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഉത്തര ഡല്‍ഹിയിലെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ഡല്‍ഹിയിലെ അഭിഭാഷകനായ വിനീത് ജിന്‍ഡാലാണ് രത്തന്‍ ലാലിനെതിരെ ചൊവ്വാഴ്ച പരാതി നല്‍കിയത്. വിഷയത്തില്‍ അധിക്ഷേപകരവും പ്രകോപനപരവുമാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. വളരെ വൈകാരികമായ ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടി.
അതേസമയം, തന്റെ പോസ്റ്റിനെ ന്യായീകരിച്ച് രത്തന്‍ ലാല്‍ വീണ്ടും രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍, എന്തിനെകുറിച്ചെങ്കിലും സംസാരിച്ചാല്‍, ചിലരുടെയോ മറ്റുള്ളവരുടെയോ വികാരം വ്രണപ്പെടും. ഇത് പുതിയ കാര്യമല്ല. താന്‍ ചരിത്രകാരനും നിരവധി നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ആളുമാണ്. ഇതുവരെ തന്റെ പോസ്റ്റുകളില്‍ ഏറ്റവും മാന്യമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ പക്ഷത്ത് ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.







Comments