
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ അതിജീവിത സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ മുഖംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. കേസില്‍ അന്വേഷണം ധൃത്തിപ്പെട്ട് പൂര്‍ത്തീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്കി.
അന്വേഷണത്തിന് കൂടുതല്‍ സമയം കോടതിയില്‍ നിന്ന് ആവശ്യപ്പെടാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ രാഷ്ട്രീയ അട്ടിമറി ആരോപിച്ച് അക്രമത്തിനിരയായ നടി കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് ഇടക്കാല ഉത്തരവുണ്ടായില്ലെങ്കില്‍ പ്രത്യേക ഹര്‍ജി നല്‍കും. കേസിലെ തുടരന്വേഷണം അവസാനിപ്പിച്ച് ഈ മാസം 30 ന് കുറ്റപത്രം സമര്പ്പിക്കാനൊരുങ്ങുകയായിരുന്നു അന്വേഷണ സംഘം. ഇതിനെതിരെ അതിജീവിത നല്കിയ ഹര്‍ജി ഇന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചില്‍ പരിഗണനക്കെത്തും. ഇന്നലെ ജസ്റ്റിസ് എടപ്പഗത്തിന്റെ ബെഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അതിജീവിത എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്ന് ജഡ്ജി പിന്മാറുകയായിരുന്നു.
സര്‍ക്കാരും കേസിലെ എട്ടാം പ്രതി ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നെന്ന ഗുരുതര ആരോപണമാണ് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത്. കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി. മുഴുവന്‍ തെളിവുകളിലും അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നു.അതേസമയം എല്ലാം ഘട്ടത്തിലും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികള്‍ക്ക് വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ കുറ്റാരോപിതന് നെഞ്ചും വിരിച്ച് നടന്നേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് അതിന്റെ കൃത്യമായി വഴിക്ക് പോകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മുന്‍പ് അധികാരത്തിലിരുന്നവര്‍ ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ത്തത് പോലെ ഈ സര്‍ക്കാരും അത് സ്വീകരിക്കുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചതുപോലെ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.






