
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് തന്നോടുള്ള ശത്രുതക്കുളള ഒരു കാരണം മുതിര്‍ന്ന സിപിഐഎം നേതാവ് വി എസ് അച്യൂതാനന്ദന്റെ ആളായതാണെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. വിദ്വേഷപ്രസംഗത്തിന് ജാമ്യം ലഭിച്ച ശേഷം തൃക്കാക്കരയിലെത്തി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.'പാവപ്പെട്ട പി സി ജോര്‍ജ് കുറേ സത്യങ്ങള്‍ പറയുന്നുവെന്നതാണ് എന്നോടുള്ള പിണറായിയുടെ ശത്രുത. നേരത്തെ ഞാന്‍ വി എസിന്റെ ആള് ആളാണെന്നതായിരുന്നു പ്രശ്നം. അത് സത്യം തന്നെയാ. ഞാന്‍ വിഎസിന്റെ ആളാ. കാരണം വി എസാണ് ഇടതുപക്ഷം. ആ മനുഷ്യന് വീണതിന് ശേഷം സ്റ്റാലിനിസവും പിണറായിസവും വന്നു. കമ്മ്യൂണിസം ഇല്ല. വിഎസിന്റെ ആളാണെന്നതില്‍ അഭിമാനമേയുള്ളൂ.' പി സി ജോര്‍ജ് പറഞ്ഞു.
തന്നെ പിടികൂടാന്‍ തീരമാനിച്ചതു മുതല്‍ പിണറായി വിജയന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്നും അത് പിണറയിയുടെ അന്ത്യത്തിലെ അവസാനിക്കുകയുള്ളു എന്നും പിസി പറഞ്ഞു. ഇപ്പോള്‍ മുങ്ങിയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും തന്നെ പിണറായിയുടെ പോലീസിന് കഴിയില്ലെന്നും പി സി വ്യക്തമാക്കി, കോണ്‍ഗ്രസിനേയും പി സി ജോര്‍ജ് രൂക്ഷമായി വിമര്‍ശിച്ചു. വിഡി സതീശന് ഏറ്റവും മോശം പ്രതിപക്ഷനേതാവാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരത്ത് വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെത്തുടര്‍ന്ന് പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഇന്നലെ അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് തനിക്കെതിരെ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രി തൃക്കാക്കരയില്‍ വെച്ച് മറുപടി നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.






