
ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിനെ ആധാരമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്ന സിനിമയില്‍ വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. സിനിമയ്ക്കു വേണ്ടി താരം ശരീരഭാരം കുറച്ചത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ജോര്‍ദ്ദാനില്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി കാരണം ഇടയ്ക്ക് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
ഇപ്പോഴിതാ പൃഥ്വിരാജ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തീര്‍ത്ത് വരാനൊരുങ്ങുന്നു എന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരത്തിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്. ‘‘ആടുജീവിതം തീര്‍ക്കാന്‍ നജീബ് തയ്യാറാകുന്നു’’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പൃഥ്വിരാജിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
അച്ഛനെ കാണാന്‍ മകള്‍ എത്തി എന്ന പോസ്റ്റും സുപ്രിയ ഷെയര്‍ ചെയ്തിരുന്നു. മലയാള സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ആടുജീവിതം’. ഗള്‍ഫില്‍ ജോലിക്ക് പോയി മരുഭൂമിയില്‍ ചതിയില്‍ കുടുങ്ങിയ നജീബിന്റെ ജീവിതകഥ ബെന്യാമിന്റെ നോവലിലൂടെ ഒരുപാട് പേര് വായിച്ച് നൊമ്പരപ്പെട്ടിട്ടുണ്ട്. അതേ കഥ തന്നെയാണ് സിനിമയിലെത്തുന്നത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞതോടെ ജോര്‍ദ്ദാനില്‍ ഷൂട്ട് ചെയ്യാന്‍ ബാക്കിയുള്ള ഭാഗം ചിത്രീകരിക്കാന്‍ പൃഥ്വിയും സംഘവും ഏപ്രില്‍ അവസാന വാരം ജോര്‍ദാനിലേക്ക് പോയിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കാനായി എ.ആര്. റഹ്മാനും ജോര്‍ദാനില്‍ എത്തിയ സന്തോഷം പൃഥ്വിരാജ് പങ്കുവച്ചിരുന്നു.
‘ആടുജീവിതം’ അല്ലാതെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റെ പുറത്ത് വരാന്‍ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ജൂണ്‍ 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.






