
ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പി.എസ്.ജിയുടെ പരിശീലകനാകുവാന്‍ റയല്‍ മാഡ്രിഡിന്റെ മുന്‍ കോച്ചും ഫ്രാന്‍സിന്റെ ഇതിഹാസതാരവുമായ സിനദിന്‍ സിദാന് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പി.എസ്.ജിയുടെ നിലവിലെ പരിശീലകന് പോച്ചെറ്റിനോ ഈ സീസണൊടുവില്‍ ക്ലബ് വിടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
എന്നാല്‍, ഈ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. ഫ്രഞ്ച് മാധ്യമങ്ങളും പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി സിദാന്റെ ഉപദേഷ്ടാവ് രംഗത്തെത്തിയത്. സിദാനെ പ്രതിനിധീകരിക്കാനും ഉപദേശിക്കാനും അനുവാദമുളള ഒരേയൊരു വ്യക്തിയാണ് ഞാന്‍. എന്നെയോ സിദാനെയോ പിഎസ്ജി ഉടമ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല- മിഗ്ലിയാസിയോ വ്യക്തമാക്കി.
റയല്‍ മഡ്രിഡിനൊപ്പം ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം നേടിയതാണു സിദാനെ പി.എസ്.ജിയിലേക്കു ക്ഷണിക്കാനുളള പ്രധാന കാരണം. മെസ്സിയും നെയ്മറും ഒരുമിച്ച് കളിക്കുന്നിടത്തേക്ക് സിദാനും കൂടി എത്തിയാല്‍ അത് ക്ലബിനു വലിയ നേട്ടം തന്നെയാകും എന്നതില്‍ സംശയമില്ല.


