
മാഡ്രിഡ്: പിതാവിന്റെ മുന്നില് പുത്രന് ലോകപ്രശസ്ത ക്ളബ്ബില് ഗംഭീരമായ അരങ്ങേറ്റം. ലോകഫുട്ബോളിലെ ഇതിഹാസ താരങ്ങളില് പെടുന്ന മുന് ഫ്രഞ്ച് നായകന് സിനഡിന് സിദാന്റെ പുത്രന് എന്സോ സിദാന്റെ കാര്യമാണ് പറഞ്ഞു വരുന്നത്്. കോപ്പാ ഡെല്റേ ടൂര്ണമെന്റില് റയല് മാഡ്രിഡിനായി ജൂനിയര് സിദാന് ഇറങ്ങിയ മത്സരം ടീം 6-1 എന്ന സ്കോറിനായിരുന്നു ജയിച്ചത്.
സിദാന്റെ നാലു മക്കളില് ഒരാളാണ് എന്സോ സിദാന്. മൂന്നാം ഡിവിഷന് ക്ളബ്ബ് കള്ച്ചറല് ലിയോണീസയെയാണ് റയല് മടക്കിയത്. 7-1 ന് ആദ്യ പാദത്തില് വിജയിച്ച് ആദ്യ 16 ല് ഇടം ഉറപ്പാക്കിയ ആത്മവിശ്വാസത്തിലാണ് 21 കാരന് മകനെ സിദാന് കളത്തിലേക്ക് വിട്ടത്. പയ്യന് ടീമിനായി സ്കോര് ചെയ്യുകയും ചെയ്തു. സാന്റിയാഗോ ബെര്ണേബൂ സ്റ്റേഡിയത്തില് എന്സോ ഗോള് സ്കോര് ചെയ്തപ്പോള് ആള്ക്കാര് എന്സോയുടെ പേരില് ആരവമുയര്ത്തി.

റയലിന് വേണ്ടി അരങ്ങേറാന് കഴിയുന്നതും ഗോള് സ്കോര് ചെയ്യാന് കഴിയുന്നതും സ്വപ്നമായിരുന്നു. അത് ബെര്ണേബൂവില് വിജയത്തോടെ ആയതിലും പിതാവിന്റെ പരിശീലനത്തിന് കീഴിലായതും ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് എന്സോ പ്രതികരിച്ചു. പിതാവെന്ന നിലയിലും പരിശീലകന് എന്ന നിലയിലും താന് സന്തോഷവാനാണെന്നും സിദാന് പ്രതികരിച്ചു. മത്സരത്തിനായി സിദാന് പരീക്ഷിച്ചത് രണ്ടാംനിര താരങ്ങളെയാണ്. കളിയില് യുവതാരം മാരിയാനോ ഡയസ് ഹാട്രിക് നേടിയതാണ്. മത്സരത്തിന്റെ 22 ാം സെക്കന്റില് ഗോള് വീഴുകയും ചെയ്തു.
ഒരു ഗോള് സിദാന്റെ മകന് സ്കോര് ചെയ്തപ്പോള് കൊളംബിയന് പ്ളേ മേക്കര് ജെയിംസ് റോഡ്രിഗ്രസായിരുന്നു മറ്റൊരു ഗോളടിച്ചപ്പോള് സീസര് മോര്ഗാഡോയുടെ സെല്ഫ് ഗോളായിരുന്നു മറ്റൊന്ന്. പ്രീ സീസണ് ടൂറില് എന്സോയെ നേരത്തേ തന്നെ പരീക്ഷിച്ചിട്ടുള്ള സിദാന് ഇതാദ്യമായിട്ടാണ് ഒരു വലിയ മത്സരം കളിക്കാന് മകനെ ഇറക്കുന്നത്. പകുതി കഴിഞ്ഞ് കളത്തില് എത്തിയ എന്സോ 63 ാം മിനിറ്റില് സ്കോര് ചെയ്തു. സിദാന്റെ മറ്റൊരു മകന് ക്ളബ്ബിന്റെ യുവടീമിന്റെ ഗോളിയാണ്. പരിചയ സമ്പന്നരില് മിക്കവരെയും പുറത്തിരുത്തി ടീമിനെ ഇറക്കിയ സിദാന് നോര്വേ മിഡ്ഫീല്ഡര് 17 കാരന് മാര്ട്ടിന് ഒഡേഗാര്ഡിനും അവസരം നല്കി.







Comments