തിരുവനന്തപുരം: താന്‍ മാധവ വാര്യരുടെ ബിനാമിയല്ല, സുഹൃത്ത് മാത്രമാണെന്ന് കെ.ടി ജലീല്‍. സ്വപ്നയുടെ സത്യവാങ്മൂലം മുഖവിലയ്ക്കെടുക്കേണ്ടതില്ല. ഓരോ ദിവസവും കള്ളങ്ങളുടെ കുത്തൊഴുക്കാണ്. അവര്‍ പറയുന്നത് മുഴുവന്‍ കള്ളമാണ്. പുട്ടിന് തേങ്ങയിടുന്നപോലെയാണ് വെളിപ്പെടുത്തലുകളെന്നും കെ.ടി ജലീല്‍ പറഞ്ഞു.
മാധവ വാര്യര്‍ തിരുനാവായ സ്വദേശിയാണ്. അവിടെ ഒരു ബാലമന്ദിരം നടത്തുന്നു. വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവാര്ക്ക് വീട് വച്ചു നല്കി. എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ 200ലധികം വീടുകള്‍ നിര്മ്മിച്ചുനല്കിയിരുന്നു. അതിന്റെ നിര്‍മ്മാണം നടത്തിയത് മാധവ വാര്യരുടെ ഫൗൗണ്ടനായിരുന്നു. അതിന്റെ പണം അവര്‍ നല്‍കിയില്ല. ചെക്ക് പണമില്ലാതെ മടങ്ങി. അതിനെ തുടര്‍ന്ന് മുംബൈ ഹൈകോടതിയില്‍ ക്രൈം നമ്പര്‍ 366/22 പ്രകാരം എച്ച്ആര്‍ഡിഎസിനെതിരെ വാര്യര്‍ ഫൗണ്ടേഷന് കേസ് നല്‍കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പേര് പറഞ്ഞിരിക്കാന്‍ ഇടയെന്നാണ് അവര്‍ പറയുന്നു.
തനിക്ക് മാധവന് വാര്യവുമായി സുഹൃത്ത് ബന്ധം മാത്രമാണുള്ളത്. അവരുടെ പാലക്കാട്ടെ പരിപാടിയുടെ ഉദ്ഘാടനത്തിന് പോയിരുന്നു. അതിനപ്പുറം ഒരു ബന്ധവുമില്ല. ഇക്കാര്യം എന്റെയും അദ്ദേഹത്തിന്റെയും അക്കൗണ്ട് പരിശോധിച്ചാല്‍ മനസ്സിലാകും.
ഷാര്‍ജ സുല്‍ത്താന്‍ ഡി-ലിറ്റ് നല്‍കിയത് തന്റെ ശിപാര്‍ശ പ്രകാരമാണെന്നാണ് മെറ്റാരു ആരോപണം. എന്നാല്‍ 2014ലെ സിന്‍ഡിക്കേറ്റ് ആണ് ഡി-ലിറ്റ് നല്കാന് തീരുമാനിച്ചത്. അന്നത്തെ വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം ഇപ്പോള്‍ ബിജെപിയുടെ നേതാവാണ്. അദ്ദേഹത്തോട് ചോദിച്ചാല്‍ അക്കാര്യത്തില്‍ വ്യക്തത വരും. 2018ലാണ് താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്നത്.
2014ല്‍ ഡി-ലിറ്റ് നല്കാന് കഴിയാതെ വന്നതോടെയാണ് 2018ല്‍ അദ്ദേഹം പുരസ്കാരം സ്വീകരിക്കാന്‍ വന്നത്. 2014ല്‍ അദ്ദേഹത്തിന്റെ പേര് ശിപാര്‍ശ നല്കുമ്പോള് അബ്ദുള്‍ റബ്ബായിരുന്നു വിദ്യാഭ്യാസമന്ത്രിയെന്നും ജലീല്‍ പറഞ്ഞു.
സ്വപ്ന എന്തൊക്കെയോ വിളിച്ചുപറയുക. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും കുറിച്ച് പറയുന്നത് കേട്ടാല്‍ അറപ്പുളവാക്കും. വ്യക്തിപരമായ ഒരു കാര്യവും ഒരാളോടും ഒരിക്കലും പറയാന്‍ ഇഷ്ടപ്പെടാത്ത ആളാണ് മുഖ്യമന്ത്രി. പാര്‍ട്ടിക്കു വേണ്ടി അനുഭവിച്ച ത്യാഗങ്ങള്‍ പോലും ഒരാളോടും പറയാന്‍ അദ്ദേഹത്തിന് താല്പര്യമില്ല. അങ്ങനെയുള്ള ഒരു ഭരണകര്‍ത്താവിനെ കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത്. ഇതൊക്കെ ജനങ്ങള്‍ തള്ളിക്കളയും. ഇതിനെകുറിച്ച് അന്വേഷണം നടത്തണം. ഈ ആരോപണവും അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെടും. ആരാണ് അവരുടെ പിന്നിലെന്ന് അതോടെ ബോധ്യമാകും.
ഷാര്‍ജ സുല്‍ത്താന്‍ പൊന്നും ഡയമണ്ടുമൊക്കെ കൊടുത്തുവെന്ന് പറയുന്നത് വിദേശ പ്രതിനിധിയെ അപമാനിക്കുന്നതിന് തുല്യമല്ലെയെന്നും കെ.ടി ജലീല്‍ പറയുന്നു.






