
തിരുവനന്തപുരം : നിലയ്ക്കല്‍ അന്നദാനം അഴിമതി കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ. ജയപ്രകാശിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അന്നദാനത്തിനു സാധനങ്ങള്‍ ഇറക്കിയ കരാറുകാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. തട്ടിപ്പിനെക്കുറിച്ച് മംഗളം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
കൊല്ലം ആയൂരിലെ വീട്ടില്‍നിന്നാണു ജയപ്രകാശിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം സ്വദേശിയായ കരാറുകാരന് വിജിലന്‍സിനെ സമീപിച്ചതോടെയാണ് അനേ്വഷണമാരംഭിച്ചത്. ദേവസ്വം മെസിലേക്കു പലചരക്കും പച്ചക്കറിയും വാങ്ങിയ ഇനത്തില്‍ കരാറുകാരനു നല്‍കാനുള്ള തുകയുടെ മൂന്നിരട്ടി വ്യാജരേഖകള്‍ ചമച്ച് നാലംഗസംഘം തട്ടിയെടുക്കുകയായിരുന്നു.
അന്നദാനക്കരാറുകാരനു ബോര്‍ഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്കു പകരം വിതരണക്കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി രൂപ എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. എന്നാല്‍, വിതരണക്കരാറുകാരന് വഴങ്ങിയില്ല. ഇതോടെ മറ്റ് ചില സ്ഥാപനങ്ങളുടെ പേരില്‍ ചെക്ക് മാറിയെടുത്തെന്നാണു കേസ്.
കരാറുകാരന്റെയും ജയപ്രകാശിന്റെയും പേരിലെ സാമ്യമാണു തട്ടിപ്പിനുപയോഗിച്ചത്. കൊല്ലം സ്വദേശിയായ ബി. ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള ജെ.പി. ട്രേഡേഴ്സില്നിന്നു 30 ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ഇടപാടില്‍ ഒരുകോടിയോളം രൂപയാണ് ഇവര്‍ എഴുതിയെടുത്തത്.
ദേവസ്വം ബോര്‍ഡിന് അക്കൗണ്ടുള്ള ബാങ്കിന്റെ സന്നിധാനത്തെയും പന്തളത്തെയും ശാഖകള്‍ വഴി വ്യാജ ഒപ്പിട്ട് വന്‍തുക മാറ്റിയെടുത്തതായി കണ്ടെത്തി.ദേവസ്വം ബോര്‍ഡ് വിജിലന്‍സും സ്റ്റേറ്റ് വിജിലന്‍സും നടത്തിയ അനേ്വഷണത്തില്‍ നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍മാരായ വി.എസ്. രാജേന്ദ്രപ്രസാദ്, ഡി. സുധീഷ്കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരേ തെളിവുകള്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരേ വകുപ്പുതലനടപടിക്കു ശിപാര്‍ശയുണ്ടായിരുന്നെങ്കിലും ബോര്‍ഡ് അനങ്ങിയില്ല. ഇവരില്‍ ചിലര്‍ താക്കോല്‍ സ്ഥാനത്തു തുടരുകയും ചെയ്യുന്നു. മുഖ്യപ്രതിയായ സുധീഷ്കുമാര്‍ വിരമിച്ചു.






