ന്യുഡല്‍ഹി: സായുധ സേനാ വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന് പുതിയ പദ്ധതിയായ 'അഗ്നിപഥ്' കൊണ്ടുവന്നതിനെ ചൊല്ലി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കലാപം തുടരുന്നു. ബിഹാറില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം മൂന്നാം ദിനവും അക്രമാസക്തമാണ്. പ്രതിഷേധക്കാര്‍ രണ്ട് ട്രെയിനുകളുടെ എട്ട് കമ്പാര്‍ട്ട്മെന്റുകള്‍ക്ക് തീയിട്ടു. അതിനിടെ, അഗ്നിപഥ് പ്രകാരം സേനയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായപരിധി താത്ക്കാലികമായി 23 ആയി ഉയര്‍ത്തിയാതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കി.
ബിഹാറിലെ സമസ്തിപുരിലെ മൊയിഹുദ്ദീന് നഗറില്‍ വെള്ളിയാഴ്ച രാവിലെ ഒരു ട്രെയിന്റെ ആറ് കമ്പാര്ട്ട്മെന്റുകള്ക്കും ലഖിസരായ് സ്റ്റേഷനിലെ മറ്റൊരു ട്രെയിന്റെ രണ്ട് കമ്പാര്ട്ട്മെന്റുകള്ക്കുമാണ് തീയിട്ടത്. യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷമായിരുന്നു തീയിട്ടത്. അതുകൊണ്ടുതന്നെ ആളപായമില്ല. പട്ന-ഹൗറ, പട്ന-ഭഗല്‍പൂര്‍ റൂട്ടില്‍ ആറോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ആര, ലഖിസരായ് എന്നിവിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞിട്ടു.
ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനു നേര്‍ക്ക് ആക്രമമുണ്ടായി. സംഘര്‍ഷ സാധ്യത പരിഗണിച്ച് ഫരീദാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാനയിലെ പല്വാലില് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി.
ദക്ഷിണേന്ത്യയിലേക്കും പ്രതിഷേധം പടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
അഗ്നിപഥ് പ്രഖ്യാപിച്ച രീതിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര രംഗത്തെത്തി. വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളില്‍ ചട്ടം മാറ്റേണ്ടിവന്നത് ഇതിന്റെ തെളിവാണെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം, അഗ്നിപഥ് പിന്‍വലിക്കില്ലെന്ന് പ്രതിഷേധാമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഹൃസ്വകാല നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും. യുവാക്കള്‍ റിക്രൂട്ട്മെന്റിന് ഒരുങ്ങിയിരിക്കാന്‍ കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു.
വിവിധ സേനകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി പതിനേഴര വയസ്സുമുതല്‍ 21 വരെ ആയി പരിമിതപ്പെടുത്തുകയും നാല് വര്‍ഷത്തെ സേവനത്തിനു ശേഷം ഏറ്റവും യോഗ്യരായ 25% പേരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ ഒഴിവാക്കുന്നതുമാണ് പദ്ധതി.
എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം നിയമനം നടക്കാത്തതിനാല്‍ റിക്രൂട്ട്മെന്റിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സായി ഉയര്‍ത്തി. ഈ ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഈ ഇളവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.






