
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ സാഖറെയാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കുലര്‍ ഇറക്കിയത്.
പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും വാഹനമോടിക്കുമ്പോഴും മാസ്ക് നിര്‍ബന്ധമാണ്. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എഡിജിപിയുടെ സര്‍ക്കുലര്‍.
കോവിഡ് കണക്കുകള്‍ ഉയരുന്നതോടെ ഏപ്രില്‍ മാസ്ക് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ വിഭാഗം സര്‍ക്കുലര്‍ നല്‍കിയിരുന്നു. എന്നാല്‍ പരിശോധന കര്‍ശനമാക്കിയിരുന്നില്ല. മാസ്ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന നടപടിയാണ് ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്നു മുതല്‍ ഈ നടപടി പുനരാരംഭിച്ചേക്കും.
കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. മാസ്ക് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്.






