തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം മുതല്‍ പീഡന കേസ് വരെ തുടര്‍ച്ചയായി പി.സി ജോര്‍ജ് അറസ്റ്റിലാകുന്നത് മൂന്നാം തവണ. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു മേയ് ഒന്നിന് ആദ്യ അറസ്റ്റ്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിച്ച ജോര്‍ജിനെ മജിസ്ട്രേറ്റ് ജാമ്യം നല്‍കിയതോടെ ഫോര്‍ട്ട് പോലീസിന് വിട്ടയക്കേണ്ടിവന്നു. ഐപിസി 153എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്.
ഉപാധികളോടെയായിരുന്നു മജിസ്ട്രേറ്റ് അന്ന് ജാമ്യം അനുവദിച്ചത്. എന്നാല്‍ തുടര്‍ന്ന് വെണ്ണലയില്‍ നടത്തിയ ക്ഷേത്രപ്രസംഗത്തില് വീണ്ടും മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം ജോര്‍ജ് നടത്തിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പോലീസിന്റെ പരാതിയില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. ഇതോടെ മേയ് 25ന് വീണ്ടും അറസ്റ്റിലായ ജോര്‍ജിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
വെണ്ണല പ്രസംഗത്തിന്റെ പേരില്‍ മുന്‍ കൂര്‍ജാമ്യം ലഭിച്ച ജോര്‍ജിന് മറ്റു കേസുകളിലും ജാമ്യം ലഭിച്ചതോടെ ജയില്‍ മോചനം സാധ്യമായത്.
ഇതിനു പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് നല്കിയ പുതിയ രഹസ്യമൊഴിയുടെയും വെളിപ്പെടുത്തലുകളുടെയും പേരില്‍ പുതിയ കേസ് വരുന്നത്. മുഖ്യമന്ത്രിക്കെതിരെ പി.സി ജോര്‍ജും സ്വപ്നയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപണിച്ച് കെ.ടി ജലീല്‍ നല്കിയ പരാതിയില്‍ സോളാര്‍ കേസ് പ്രതിയായ സ്ത്രീ സാക്ഷിമൊഴി നല്കി. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്താന്‍ തന്റെ സഹായം തേടിയെന്ന് ഇവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജോര്‍ജുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും ഇവര്‍ പുറത്തുവിട്ടിരുന്നു.
കേസില്‍ രഹസ്യമൊഴി നല്കിയ സ്ത്രീ പിന്നീട് പോലീസിനും പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ ജോര്‍ജിന്റെ അറസ്റ്റ്. ഐപിസി 354, 354(എ) എന്നീവ പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നു തന്നെ ജോര്‍ജിനെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചുവെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി ഇനി കോടതിയില്‍ എത്തുമോ എന്ന് കണ്ടറിയണം. മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയാലും റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. നാളെ അവധിയായതിനാല്‍ ഇനി തിങ്കളാഴ്ചയേ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാവൂ.






