
തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്ക് എന്ന ഐടി കമ്പനി പണം കടത്തുന്നതിനുള്ള മാര്‍ഗമാണെന്നും പിണറായിയുടെ ഇടപാടുകള്‍ 2012 മുതല്‍ കൈകാര്യം ചെയ്യുന്നതു ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ഡോണാണെന്നും പി.സി. ജോര്‍ജ്.
ഫാരിസ് അബൂബക്കറും പിണറായിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു പിന്നില്‍. പിണറായിയുടെ പണം മുഴുവന്‍ കൈകാര്യം ചെയ്യുന്നത് എക്സാലോജിക്ക് വഴിയാണ്. ഇതേക്കുറിച്ചൊക്കെ ഇ.ഡി. അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാമ്യം ലഭിച്ചു കോടതിയില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി പി.സി. ജോര്‍ജ് രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകയോടു നേരത്തെ മോശമായി പെരുമാറിയതിനു ജോര്‍ജ് ക്ഷമാപണവും നടത്തി. "ഫാരിസ് അബൂബക്കര്‍ 2020 മുതല്‍ യു.എസിലാണ്. ഇടയ്ക്കിടെ പിണറായി അമേരിക്കയില്‍ പോകുന്നത് അന്വേഷിക്കണം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ സ്വാശ്രയ കോളജുകള്‍ക്കെതിരേ ഇളക്കിവിട്ടിട്ടു മകളെ സ്വാശ്രയ കോളജിലാണ് പിണറായി പഠിപ്പിച്ചത്. പിന്നീട് ഓറക്കിള്‍ എന്ന കമ്പനിയില്‍ ജോലി ചെയ്ത വീണാ വിജയന് 2012ല്‍ രവി പിള്ളയുടെ കമ്പനിയുടെ സി.ഇ.ഒ. ആയി. അത് എങ്ങനെയാണെന്ന് അന്വേഷിക്കണം.
2014ല്‍ സ്വന്തമായി എക്സാലോജിക്ക് എന്ന കമ്പനി തുടങ്ങി. ആ കമ്പനിയിലേക്ക് ഇതുവരെ വന്നുചേര്‍ന്ന സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി. അന്വേഷിക്കണം. എക്സാലോജിക്ക് വഴിയാണ് പണം അമേരിക്കയിലേക്കു പോയത്. എക്സാലോജിക്ക് നഷ്ടമാണെന്നാണ് കാണിക്കുന്നത്. എന്നാല്‍, ഇവരുടെ വ്യക്തിപരമായ ഇടപാടുകള്‍ അന്വേഷിക്കണം. സ്വര്‍ണക്കടത്തില്‍ സ്വപ്ന പറയുന്നതനുസരിച്ച് പിണറായിക്കും കുടുംബത്തിനും പങ്കുണ്ട്"- ജോര്‍ജ് പറഞ്ഞു.






