മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന പക്ഷം എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചേക്കും. ശിവസേനയില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെ പക്ഷത്തെ അടര്‍ത്തിമാറ്റി താക്കറെ സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പി പിന്തുണയില്‍ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷമാണ് എന്‍ഡിഎയെ പിന്തുണയ്ക്കുന്ന നിലപാട് ഉദ്ധവ് താക്കറെ സ്വീകരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
സര്‍ക്കാരിനെ അട്ടിമറിച്ച ഷിന്‍ഡെ പക്ഷത്തിന്റെ പ്രധാന ആവശ്യമായിരുന്നു കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം ശിവസേന വിച്ഛേദിക്കണമെന്നും മുന്‍പ് എടുത്തിരുന്ന ബി.ജെ.പി അനുകൂല 'ന്യൂട്രല്‍' സമീപനം സ്വീകരിക്കണമെന്നതും.
തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ താക്കറെ വിളിച്ച യോഗത്തില്‍ ശിവസേനയുടെ 22 എം.പിമാരില്‍ 16 പേരാണ് പങ്കെടുത്തത്. ആദിവാസി സമൂഹത്തില്‍ നിന്നുള്ള വനിതയാണെന്നതിനാല്‍ ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യുമെന്ന് എം.പിമാര്‍ താക്കറെയെ അറിയിച്ചുവെന്നാണ് സൂചന. മഹാരാഷ്ട്രയിലെ ജനസംഖ്യയില്‍ പത്ത് ശതമാനത്തിലേറെ പട്ടിക വര്‍ഗമാണ്.
പ്രതിപക്ഷം മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ നാമനിര്‍ദേശം ചെയ്തുവെങ്കിലും പിന്തുണയില്‍ പ്രതിപക്ഷ ഐക്യം കൊണ്ടുവരാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. എന്‍ഡിഎയ്ക്ക് പുറത്തുള്ള പല കക്ഷികളും ദ്രൗപതി മുര്‍മുവിന് പിന്തുണ വാഗ്ദാനം ചെയ്തുകഴിഞ്ഞു.






