അലെപ്പോ: മൃതശരീരങ്ങളും ചോരയും കണ്ടുമടുത്ത അലെപ്പോയിലെ കുട്ടികള്‍ക്കിടയില്‍ കൗതുകം പകര്‍ന്ന് എത്തിയ ‘ആലപ്പോയിലെ കോമാളി മനുഷ്യന്‘ (ക്ലൗണ്‍ മാന്‍) വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അനസ് അല്‍ ബാഷ എന്ന സന്നദ്ധപ്രവര്‍ത്തകനാണ് കോമാളിയായി വേഷമിട്ട് കുഞ്ഞുങ്ങള്‍ക്കിടയില്‍ കൗതുകം ഉണര്‍ത്തിയിരുന്നത്. ചൊവ്വാഴ്ച അലെപ്പോയുടെ കിഴക്കന്‍ മേഖലയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് അനസ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു.
യുദ്ധത്തില്‍ പെട്ടവര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്ന സ്പെയ്സ് ഫോര്‍ ഹോപ് എന്ന സംഘടനയുടെ ഡയറക്ടറായിരുന്നു 24കാരനായ അനസ്. ആഭ്യന്തരയുദ്ധം കലുഷിതമായതോടെ ബോംബാക്രമണത്തില്‍ 12ഓളം സ്കൂളുകളാണ് ഇവരുടെ സംഘടന നിര്‍മ്മിച്ചു കൊടുത്തിട്ടുള്ളത്. കിഴക്കന്‍ അലെപ്പോയില്‍ നാല് പുനരധിവാസ കേന്ദ്രങ്ങളും ഇവര്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ട കൗണ്‍സിലിങ്ങ് നടത്തുകയും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 365 ഓളം കുട്ടികള്‍ക്കാവശ്യമായ സാമ്പത്തീക സഹായവും നല്‍കിയിരുന്നു.
കുട്ടികള്‍ക്ക് ഒരു സുഹൃത്തിനെ പോലെ വേണ്ട സഹായം നല്‍കാനും മുന്‍കൈ എടുക്കാറുണ്ട്. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് അനസിന്റെ കുടുംബം അലെപ്പോയില്‍ നിന്നും പലായനം ചെയ്തിരുന്നു. എന്നാല്‍ ആളുകളുടെ ദുരിതം കണ്ട് അനസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി നാട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു.