
ന്യുഡല്‍ഹി: പത്രസമ്മേളനവും ദേശീയപാതയിലെ കുഴികളും എന്നതില്‍ മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. റിയാസിന്റെ വീട്ടിലുള്ളയാള്‍ നടത്തിയ പത്രസമ്മേളനത്തിന്റെയത്ര കുഴികള്‍ ദേശീയപാതയിലില്ല. പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ചകള്‍ മറയ്ക്കാനാണ് റിയാസ് ദേശീയപാതയേയും കേന്ദ്രസര്‍ക്കാരിനേയും കുറ്റം പറയുന്നത്. മന്ത്രി വിമാനയാത്ര ഒഴിവാക്കി ഇടയ്ക്കൊക്കെ റോഡിലുടെ സഞ്ചരിച്ചാല്‍ സാധാരണക്കാരന് അനുഭവിക്കുന്ന ദുരിതം എത്രത്തോളമാണെന്ന് മനസ്സിലാകുമെന്നും മുരളീധരന് പ്രതികരിച്ചു.
കേരളത്തിലെ പി.ഡബ്ലൂഡി റോഡിലെ കുഴികള്‍ എണ്ണിനോക്കിയിട്ട് ദേശീയപാതയിലെ കുഴികള്‍ എണ്ണിയാല്‍ പോരെ? ഹൈക്കോടതി കേരളത്തിലെ പി.ഡബ്ല്യൂ.ഡി. റോഡുകള്‍ പശതേച്ച് ഒട്ടിച്ചാണോ ഉണ്ടാക്കുന്നതെന്ന് ചോദിച്ചത് ഈ പൊതുമരാമത്ത് മന്ത്രിയോടാണ്. ആ മന്ത്രിയാണ് ദേശീയപാത എങ്ങനെ പരിപാലിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത്- മുരളീധരന് പറഞ്ഞു.
കൂളിമാട് പാലം തകര്‍ന്ന വിഷയത്തില്‍ സിമന്റ് കുഴച്ചവര്‍ക്കെതിരെ നടപടിയെടുത്ത് രക്ഷപ്പെടുത്തേണ്ടവരെയെല്ലാം രക്ഷപ്പെടുത്തിയ മന്ത്രിയാണ് ഇപ്പോള്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നത്. പാലം പണിത് ദിവസങ്ങള്‍ക്കകം തകര്‍ന്നു വീണതിന്റെ ജാള്യത മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മെക്കിട്ടുകേറാം എന്നാണ് മന്ത്രി കരുതുന്നത്. കേന്ദ്രമന്ത്രി എസ്. ജയ്ശങ്കറുടെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടി. അദ്ദേഹം കേന്ദ്ര പദ്ധതികള്‍ നിരീക്ഷിക്കാന്‍ പോയതിനെ വിമര്‍ശിച്ചതുകൊണ്ട് നെഞ്ചിടിപ്പ് മാറില്ല.
താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പൊതുമരാമത്ത് മന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലുള്ള ആള് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയ പാതയിലില്ല. കോവിഡ് കാലത്ത് എന്തൊക്കെ ഉപദേശം നല്കി. എല്ലാവരും കൊതുകു കയറാതെ വാതിലടച്ചിരിക്കണം. അരി കഴുകിവേണം ചെമ്പിലിടാന്‍ എന്നിങ്ങനെയുള്ള വലിയ വലിയ ഉപദേശങ്ങള്‍ കോവിഡ് കാലത്ത് നല്കി. അത് നിര്‍ത്തി
സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്നപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തെ നേരിടാന്‍ കഴിയാതെ ഒളിച്ചോടിയെന്നും മുരളീധരന് വിമര്‍ശിച്ചു
മുഖ്യമന്ത്രിയെപ്പോലെ കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് പറയുന്ന ശീലം തനിക്കില്ല. മാധ്യമങ്ങളെ ഇനിയും കാണും എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.






