
ഷെയ്ന് നിഗത്തിന്റെ രണ്ടു സിനിമകള്‍ മോഷണമാണെന്നും തന്റെ കഥകള്‍ മോഷ്ടിച്ചാണ് സിനിമ ചെയ്തിരിക്കുന്നതെന്നും ആരോപണവുമായി ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ആര്. ശ്രീലേഖ. ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുന്ന ഷെയ്ന് നിഗത്തിന്റെ ദൃഡം, യൂട്യുബിലുള്ള 'ഭൂതകാലം' സിനിമകള്ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ദൃഢം സിനിമയുടെ മൂലകഥ തന്റെ ചെറുകഥ മോഷ്ടിച്ചതാണെന്നും തന്റെ ഒരു അനുഭവ കഥയുടെ മോഷണമാണ് ഭൂതകാലം സിനിമ എന്നും ശ്രീലേഖ ആര് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. സിനിമ കണ്ടപ്പോഴാണ് െചറുകഥയില് നിന്നും മോഷ്ടിച്ചതാണെന്ന് മനസ്സിലായത്.
ദൃഡത്തിന്റെ മൂലകഥ മാസികയില്‍ പ്രസിദ്ധീകരിച്ച തന്റെ കഥയാണ്. 'ഭൂതഭവനം' എന്ന തന്റെ മറ്റൊരു കഥയില്‍ നിന്നുമാണ് 'ഭൂതകാലം' എന്ന സിനിമ ഉണ്ടാക്കിയിരിക്കുന്നതെന്നുമാണ് ആരോപണം. ഇത് തന്റെ യൂട്യൂബ് ചാനലുകള്‍ വഴി രണ്ടു കഥകളും പങ്കുവെച്ചിട്ടുണ്ടെന്നും പറഞ്ഞു. പോസ്റ്റില്‍ ലിങ്ക് സഹിതം നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
·
"ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.
ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.
https://youtu.be/xjaz_VjXons?si=-XniMmBERoPN-paO
എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.
https://youtu.be/R_BL-xuqZZU?si=RKXegDSmUYMpOwom
രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസു ദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.






