
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളിലൊന്നില്‍ ഇടതു സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ നിയമിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ശിപാര്‍ശ. കൊല്ലം ജില്ലയിലെ പ്രമുഖ ക്ഷേത്രത്തിലെ പ്രധാന തസ്തികയിലേക്കുള്ള നിമയമനത്തിനാണിത്.
പത്തു വര്‍ഷമായി കോണ്‍ഗ്രസുകാരെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി ശിപാര്‍ശയുമായി ആരും വരരുതെന്നു മുഖ്യമന്ത്രി വി.ഡി. സതിശന് നല്കിയ നിര്‍ദേശം മറികടന്നാണിത്. ദേവസ്വം ബോര്‍ഡില്‍ മുന്‍തൂക്കമുള്ള ഇടതുസംഘടന ഭരണത്തിന്റെ അഹന്തയില്‍ കഴിഞ്ഞ പത്തു വര്‍ഷവും യു.ഡി.എഫ്. അനുകൂല പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ഉപദ്രവിച്ചെന്നാണ് ആരോപണം. എന്നിട്ടും ഇടതുനേതാവിനു വേണ്ടി ശിപാര്‍ശ നല്‍കിയതിന്റെ അമ്പരപ്പിലാണ് യു.ഡി.എഫ്. അനുകൂല സംഘടനാ പ്രവര്‍ത്തകര്‍.
ഭരണം പോകുന്നതിനു മുന്നേ ദേവസ്വം ബോര്‍ഡിലെ പ്രമുഖ ക്ഷേത്രങ്ങളിലെ സുപ്രധാന തസ്തികകളില്‍ പ്രവര്‍ത്തകരെ നിയമിക്കാന്‍ ഇടതുസംഘടന ചരടുവലി നടത്തിയിരുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇറക്കിയ കരട് സ്ഥലംമാറ്റപ്പട്ടിക ദേവസം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ തടഞ്ഞുവച്ചിരുന്നു. പ്രമുഖ ക്ഷേത്രങ്ങളില്‍ നിയമനം കിട്ടാന്‍ ലക്ഷങ്ങളുടെ ലേലം വിളി നടക്കുന്ന കാര്യം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.






