
ന്യൂഡൽഹി: ജയ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ തനിക്കെതിരെയുണ്ടായ അക്രമത്തിൽ ഭയപ്പെടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാനാണ് ഈ അക്രമത്തിലൂടെ ശ്രമിച്ചതെന്നുംഅദ്ദേഹം ആരോപിച്ചു.
നാഗ്പൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് ദിപ്കെ പ്രതികരിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് നാഗ്പൂരിലെ സംവിധാൻ ചൗക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സിജെപി സ്ഥാപകൻ.
ഞങ്ങൾ ഗാന്ധിജിയുടെയും അംബേദ്കറുടെയും വഴി പിന്തുടരുന്ന സത്യാഗ്രഹികളാണ്. ഇത്തരം ആക്രമണങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല. ആക്രമിച്ചവർ ആർഎസ്എസ് സംഘടനയിൽ പെട്ടവരാണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഈ സർക്കാരിനെതിരെയോ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയോ ആര് ശബ്ദമുയർത്തിയാലും ഇത്തരം ആക്രമണങ്ങൾ പതിവാണ് എന്നും ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻപ് കണ്ടിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "അതുകൊണ്ടാണോ അവർ ഇന്നലെ എന്നെ ആക്രമിച്ചത്?" എന്നായിരുന്നു ദിപ്കെയുടെ മറുചോദ്യം.






