മൊറാദാബാദ്: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ 50 ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാ വരികളും അവസാനിപ്പിക്കാനുള്ള വരിനില്ക്കലാണ് ഇപ്പോഴത്തേത്. ഇപ്പോള്‍ അല്‍പ്പം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എന്നാല്‍ സ്ഥിതിഗതികള്‍ ഇതിനകം മാറിക്കഴിഞ്ഞു. രാജ്യത്തെ ജനങ്ങളെ താന്‍ സല്യൂട്ട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം രാജ്യത്തെ ഒരു വിഭാഗം തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത് വേദനാജനകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ നടപടി എടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്. അഴിമതിയെയും കള്ളപ്പണത്തെയും എതിര്‍ക്കുന്നതിലൂടെ ഞാന്‍ എന്തെങ്കിലും ക്രിമിനല്‍ കുറ്റമാണോ ചെയ്തത്-മോഡി ചോദിച്ചു. താന്‍ ഈ യുദ്ധം ചെയ്യുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കള്ളപ്പണം നിക്ഷേപിക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പ് നല്കി. ജന്‍ധന്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവര്‍ അഴിയെണ്ണും. ജനങ്ങളുടെ അധ്വാനവും ത്യാഗവും പാഴാകാന്‍ അനുവദിക്കില്ല. ഏഴ് പതിറ്റാണ്ട് നീണ്ട വരി നില്ക്കല് അവസാനിപ്പിക്കുന്നതിനുള്ള അവസാന വരി നില്‍ക്കലാണ് ഇപ്പോഴത്തേതെന്നും പ്രധാനമന്ത്രി പറഞ്ഞു.






