കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലില്‍ മുന്‍ ഡി.ജി.പി. ശ്രീലേഖയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ല.
തൃശൂര്‍ സ്വദേശി കുസുമം ജോസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യണമോ എന്നു തീരുമാനിക്കുന്നതിനു പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണു ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടത്.
ശ്രീലേഖ റിട്ട. ഡി.ജി.പി. ആയതിനാല്‍, അതേറാങ്കിലുള്ള ഓഫീസറെങ്കിലും ചോദ്യംചെയ്യേണ്ടതുണ്ട്. കീഴ്റാങ്കിലുള്ളവര് ചോദ്യംചെയ്താല്‍ വിധേയത്വം തോന്നി റിസല്‍ട്ട് കിട്ടില്ലന്ന ചിന്ത ക്രൈംബ്രാഞ്ചിനുണ്ട്. സീരിയസായി ചോദ്യംചെയ്യാന്‍ കീഴുദ്യോഗസ്ഥനു പരിമിതിയുണ്ട്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മുമ്പു പല നടിമാരെയും ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്തതായി മറ്റു പലരും തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
എന്നാല്‍, വെളിപ്പെടുത്തലിന്റെ അടിസ്ഥാനമെന്തെന്നു ശ്രീലേഖയില്‍ നിന്നു അറിയേണ്ടതുണ്ട്. റിട്ട. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍വീസ് ചട്ടം ബാധകമാണ്. മുന്‍ ഡി.ജി.പി. ഡോ ജേക്കബ് തോമസ് റിട്ടയര്‍മെന്റിനുശേഷം 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തലില്‍ കേസെടുത്തിരുന്നു. വിരമിച്ചാലും ജീവനക്കാര്ക്കുസര്ക്കാരിനോടു ബാധ്യതയുണ്ട്.
അതേസമയം, ചോദ്യംചെയ്യാമെങ്കിലും ശ്രീലേഖയ്ക്കെതിരേ കേസെടുക്കേണ്ടതില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. പള്‍സര്‍ സുനിയെപ്പറ്റിയുള്ള പരാമര്‍ശം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നു ശ്രീലേഖ പറയുന്നു. നേരിട്ടറിവില്ല. സംഭവത്തില്‍ ശ്രീലേഖ ഉള്‍പ്പെട്ടിട്ടുമില്ല. സംഭവത്തിനു സാക്ഷിയുമില്ല. പരാതിക്കാരുമില്ല.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും ശ്രീലേഖയുടേതും തമ്മില്‍ വ്യത്യാസമുണ്ട്. തന്റെ വെളിപ്പെടുത്തലിലെ സംഭവത്തില്‍ ബാലചന്ദ്രകുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികളുമായി നേരിട്ടു അടുപ്പമുണ്ട് ബാലചന്ദ്രകുമാറിന്. പ്രതികള്‍ തന്നോടു നേരിട്ടു വെളിപ്പെടുത്തിയെന്നാണു ബാലചന്ദ്രകുമാറിന്റെ മൊഴി. മാത്രമല്ല, പ്രതികളുമായുള്ള സംഭാഷണത്തിന്റെ ടേപ്പുകളും ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ട്.
എന്നാല്‍, തന്റെ വെളിപ്പെടുത്തലിലെ സംഭവങ്ങളുമായി ശ്രീലേഖയ്ക്കു യാതൊരു ബന്ധവുമില്ല. ഈ സാഹചര്യത്തിലാണു കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കുന്നതിനോടു സര്‍ക്കാരിനും താല്പര്യക്കുറവുള്ളത്.
ജെബി പോള്‍






