
തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ പുകഞ്ഞ് സി.പി.എം. താഴേത്തട്ടില്‍ വന്‍ വിമര്‍ശനമുയര്‍ന്നതോടെ ജില്ലാ നേതൃത്വം കരുതല്‍ നടപടികളുമായി രംഗത്ത്. ഇതിന്റെ ഭാഗമായി സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് മുന്‍ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രനെതിരേ വിമര്‍ശനം കടുപ്പിച്ചു.
അതിനിടെ, കരുവന്നൂര്‍ തട്ടിപ്പിന്റെ "രക്തസാക്ഷി"യായ ഫിലോമിനയുടെ കുടുംബത്തെ മന്ത്രി ആര്. ബിന്ദു മുന്‍ നിലപാടു തിരുത്തി സന്ദര്‍ശിച്ചു. സി.പി.എമ്മിന്റെ അറിവോടെയാണ് തട്ടിപ്പു നടന്നതെന്ന 13-ാം പ്രതി ജോസ് ചക്രമ്പള്ളിയുടെ വെളിപ്പെടുത്തലും പാര്‍ട്ടിക്കു തിരിച്ചടിയായി.
സി.കെ. ചന്ദ്രനു വിഷയത്തില്‍ ഇടപെടുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും അതിനാലാണ് നടപടിയെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് വിശദീകരിച്ചു. "ബാങ്കിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ചന്ദ്രന് അറിയാമായിരുന്നു. തട്ടിപ്പിന്റെ വിവരങ്ങള്‍ അറിയിക്കാത്തതിനാലാണ് അദ്ദേഹത്തെ നടപടിക്കു വിധേയനാക്കിയത്. കുറ്റക്കാര്‍ക്കെതിരേ പാര്‍ട്ടി തലത്തില്‍ നടപടിയെടുത്തിട്ടുണ്ട്. പരാതി കിട്ടിയയുടനെ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. തെറ്റുചെയ്ത ആരെയും രക്ഷിക്കില്ല. ക്രമക്കേടില്‍ പങ്കാളിത്തമുള്ളവര്ക്കെതിരേ ശക്തമായ നടപടിയെടുത്തു"-വര്‍ഗീസ് പറഞ്ഞു.
സി.പി.എമ്മിന്റെ അറിവോടെയാണ് എല്ലാം നടത്തിയതെന്നാണ് ജോസ് ചക്രമ്പിള്ളിയുടെ പ്രതികരണം. "സി.പി.എം. ഏരിയാ സെക്രട്ടറിക്ക് എല്ലാ കാര്യങ്ങളും അറിയാം. 14 വര്‍ഷം മുമ്പാണ് തട്ടിപ്പു തുടങ്ങിയത്. ഇതിനെതിരേ നേതൃത്വത്തിന് 2019 ല്‍ ഞാന്‍ പരാതി നല്കി. നടപടിയുണ്ടായില്ല. മുന്‍ സെക്രട്ടറി സുനില്‍കുമാറിനും വ്യക്തമായ പങ്കുണ്ട്. 2006 മുതല്‍ 10 വര്‍ഷമാണ് തട്ടിപ്പ് രൂക്ഷമായത്. 2017 ല്‍ വായ്പകള്‍ കൂട്ടത്തോടെ പുതുക്കാന്‍ ശ്രമിച്ചതോടെയാണ് സംശയം തോന്നിയത്. പ്രതിമാസനിക്ഷേപ പദ്ധതിയിലും വലിയ തട്ടിപ്പു നടന്നു. ചിട്ടികള്‍ നടത്താന്‍ അനുമതിയില്ലാതിരുന്നതിനാല്‍ പ്രതിമാസ നിക്ഷേപപദ്ധതി എന്ന പേരിലാണ് നടത്തിയിരുന്നത്. ഇതിലും വ്യാജന്മാര് വന്നു കോടികള്‍ ലേലം വിളിച്ചു കൊണ്ടുപോയി. ആയിരക്കണക്കിനു ചിട്ടി നിക്ഷേപകര്‍ക്കു പണം അടയ്ക്കാനും എടുക്കാനും കഴിയുന്നില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആരോപണങ്ങള്‍ സികെ. ചന്ദ്രന് നിഷേധിച്ചു. തട്ടിപ്പില്‍ പങ്കാളിത്തമില്ലെന്നും സുനിലാണ് നേതൃത്വം നല്‍കിയതെന്നും വായ്പയ്ക്കായി ആര്‍ക്കും ശിപാര്‍ശ നല്‍കിയിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു. "സുനിലിനെ വിശ്വസിച്ചതാണ് തെറ്റ്. എന്റെ ഭാര്യക്കു ബാങ്കില്‍ ജോലിയുണ്ടായിരുന്നു. തട്ടിപ്പിനു മുമ്പ് അവര്‍ ജോലിയില്‍നിന്നു വിരമിച്ചു"-ചന്ദ്രന് പ്രതികരിച്ചു.
ബാങ്ക് തട്ടിപ്പിനു പിന്നില്‍ ചന്ദ്രനാണെന്നും മകനെ കുടുക്കുകയായിരുന്നെന്നും ഒന്നാം പ്രതി ടി.ആര്. സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന് ആരോപിച്ചിരുന്നു. ഇതും സി.പി.എമ്മിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
മുന്‍ മന്ത്രി എ.സി. മൊയ്തീന് അടക്കമുള്ളവരുടെ ശിപാര്‍ശയിലാണ് വായ്പ നല്‍കിയതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.






