ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ ബിര്മിങ്ഹാമിലെത്തിയ രണ്ട് പാകിസ്താന് ബോക്സിംഗ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാതെ മുങ്ങി. കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ് പാക് താരങ്ങള്‍ ഇസ്ലാമാബാദിലേക്ക് വിമാനം കയറുന്നതിനു മണിക്കൂറുകള്‍ക്ക് മൂന്‍പാണ് സുലേമാന് ബലോച്, നസീറുള്ള എന്നിവര്‍ അപ്രത്യക്ഷരായതെന്ന് പാകിസ്താന് ബോക്സിംഗ് ഫെഡറേഷന് സെക്രട്ടറി നസീര്‍ തങ് പറഞ്ഞു.
എന്നാല്‍ ഇവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാ രേഖകള്‍ ഫെഡറേഷന്റെ പക്കലാണ്. ഇവരുടെ തീരോധാനം സംബന്ധിച്ച് ലണ്ടനിലെ പാകിസ്താന് ഹൈക്കമ്മീഷനേയും മറ്റ് അധികാരികളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഗെയിംസ് അവസാനിച്ചത്.
ഇവരെ കാണാതായതില്‍ പാകിസ്താന് ഒളിമ്പിക് അസോസിയേഷനും അന്വേഷണം നടത്തുന്നുണ്ട്. നാലംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
ഗെയിംസില്‍ ബോക്സിംഗ് ഇനത്തില്‍ ഒരു മെഡല്‍ പോലും നേടാന്‍ പാക് താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഗെയിംസില്‍ ആകെ രണ്ട് സ്വര്‍ണമടക്കം എട്ട് മെഡലുകളാണ് പാകിസ്താന് ലഭിച്ചത്.
രണ്ട് മാസം മുന്‍പ് ഹംഗറിയില്‍ നടന്ന ഫിന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിന് പോയ ദേശീയ നീന്തല്‍ താരമായ ഫൈസാന്‍ അക്ബറും അപ്രത്യക്ഷനായിരുന്നു.






