കൊച്ചി: ലൈംഗീക പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. ജാമ്യം നല്‍കിക്കൊണ്ട് കോടതി നടത്തിയ പരാമര്‍ശങ്ങളും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തും. ഈ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെടും.
സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ പരാമര്‍ശമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടും. പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് നിലനില്‍ക്കില്ലെന്ന സെഷന്‍സ് കോടതിയുടെ പരാര്‍മശം നിയമപരമായി ഒരു തരത്തിലും സാധൂകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.






