ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപണം. എംഎല്‍എമാര്‍ക്ക് 5 കോടി രൂപ വീതമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും അതിന്റെ തെളിവുകള്‍ വൈകാെത പുറത്തുവിടുമെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട കേസുകള്‍ ഒഴിവാക്കാന്‍ എഎപി വിട്ട് ബിജെപിയില്‍ ചേരാന്‍ 'ആവശ്യപ്പെട്ടുവെന്ന് ഉപമുഖ്യമന്ത്രി മനോജ് സിസോദിയ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍.
ബിജെപിയുടെ 'ഓപറേഷന് ലോട്ടസിന്റെ ' തെളിവുകള്‍ പുറത്തുവിടും. എതിര്‍പാര്‍ട്ടിയിലുള്ള സര്‍ക്കാരുകളെ എങ്ങനെയാണ് ബിജെപി അസ്ഥിരമാക്കുന്നതെന്ന് ഇത് വ്യക്തമാക്കും.
വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ അത് അട്ടിമറിക്കാനുള്ള ഗൂഢാലോചന ബിജെമി തുടങ്ങും. അതിനിട്ടിരിക്കുന്ന പേരാണ് ഓപറേഷന് ലോട്ടസ്. മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും അത് കണ്ടതാണ്. അരവിന്ദ് കെജ്രിവാളിനെ അട്ടിമറിച്ച് ബിജെപിയില്‍ ചേര്‍ന്നാല്‍ സിസോദിയയയെ മുഖ്യമന്ത്രിയാക്കാമെന്നാണ് അവരുടെ വാഗ്ദാനം.
അതേസമയം സിസോദിയ ഇത്തരം ആരോപണങ്ങള്‍ ന്നയിക്കുന്നത് അഴിമതി കേസുകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നാണ് ബിജെപിയുടെ വാദം. വലിയ നഷ്ടമുണ്ടാക്കിയ എഎപിയുടെ മദ്യനയത്തെ കുറിച്ച് അവരോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ബിജെപിയുടെ പേരില്‍ അവര്‍ അവരുടെ ആളുകളെ വച്ച് തന്നെ ഫോണ്‍വിളികള്‍ നടത്തുകയാണ്. അവരുടെ അവകാശവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടെന്നുമാണ് ബിജെപി പറയുന്നത്.






