
ഈരാറ്റുപേട്ട: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. നടന് ദിലീപിന്റെ സഹോദരനുമായി തന്റെ മകന് ഷോണ്‍ ജോര്‍ജ് സംസാരിച്ചതിന്റെ പേരിലാണ് പരിശോധനയെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. വീട്ടിലെ മുഴുവന്‍ ഫോണുകളും വേണമെന്ന് റെയ്ഡിനിടെ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടെങ്കിലും നല്‍കാനാവില്ലെന്ന് ഷോണ്‍ അറിയിച്ചത് തര്‍ക്കത്തിനും ഇടയാക്കി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിന്റെ അന്വേഷണത്തോടനുബന്ധിച്ചു നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വ്യാജ വാട്സ്ആപ്പ് സ്ക്രീന്‍ഷോട്ടുകള്‍. എംവി നികേഷ് കുമാര്‍, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്സ്ആപ്പ് ചാറ്റുകള്‍ പ്രചരിച്ചത്. പി.സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്ക്രീന്‍ ഷോട്ടുകള്‍. 'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു ഗ്രൂപ്പ്.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയിരുന്നു. സ്വപ്ന സുരേഷ് പി.സി ജോര്‍ജുമായി ഗൂഢാലോചന നടത്തിതെന്നാണ് കേസ്.
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്.






