തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്നും സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സില്‍ വിമാനത്താവളത്തിലേക്ക് എത്തിയ കോടിയേരി 11.30 ഓടെ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് തിരിക്കും. അപ്പോളോ ആശുപത്രിയിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ സഹായികള്‍ ഇന്നലെ തന്നെ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു. രാവിലെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം ചെന്നൈയിലേക്ക് തിരിച്ചത്. മുഖ്യമ്രന്തി പിണറായി വിജയന്, മന്ത്രിമാര്‍, സിപിഎം നേതാക്കള്‍ എന്നിവരെല്ലാം രാവിലെ അദ്ദേഹത്തെ ഫ്ളാറ്റിലെത്തി സന്ദര്‍ശിച്ചിരുന്നു.
ഇന്നലെ ചേര്‍ന്ന സമിപിഎം സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന സെരകട്ടറി സ്ഥാനം ഒഴിഞ്ഞ് പകരം മന്ത്രി എം.വി ഗോവിന്ദനെ തത്സഥാനത്തേക്ക് നിയമിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും വളരെ വേഗത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി തീരുമാനിച്ചത്. അതിവേഗമായിരുന്നു പകരക്കാരനെ നിശ്ചയിച്ചതും. സംഘടനാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചത്. തുടര്‍ന്ന് അടിയന്തിരമായി സി.പി.എം നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയായിരുന്നു.
കോടിയേരിക്ക് പകരം ക്രമീകരണം എന്ന ലക്ഷ്യമായിരുന്നു യോഗം വിളിച്ചപ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവധിയല്ല, സ്ഥാനം ഒഴിയുന്നുവെന്ന നിലപാട് കോടിയേരി സ്വീകരിച്ചതോടെയാണു പകരം സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
നേരത്തേ തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പും ചികിത്സാര്‍ത്ഥം കോടിയേരി അവധിയെടുത്തപ്പോള്‍ ചുമതല താല്‍ക്കാലികമായി എ. വിജയരാഘവനു കൈമാറിയിരുന്നു. ഇക്കുറി ചികിത്സ നീണ്ടുപോയേക്കുമെന്നുള്ളതുകൊണ്ട് പൂര്‍ണസമയ സെക്രട്ടറിയുണ്ടാകുന്നതാണു നല്ലതെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്.ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുന്‍പു ചേര്‍ന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കോടിയേരി പങ്കെടുത്തിരുന്നു. അതിനുശേഷം പത്രസമ്മേളനവും നടത്തി.
2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന് ആദ്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി വിജയന് ഒഴിഞ്ഞ സ്ഥാനത്താണ് കോടിയേരി വന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ ഏറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം മൂന്നാമത്തെ തവണയും കോടിയേരിയെ തെരഞ്ഞെടുത്തിരുന്നു. ഒരു പൂര്‍ണ കാലാവധി മുന്നിലുള്ളപ്പോഴാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്.






