ന്യുഡല്‍ഹി: ജമ്മു കശ്മീരിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കെ.ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ അന്വേഷണനം നടക്കുന്നതായി ഡല്‍ഹി പോലീസ്. എസ്.ഐ രാഹുല്‍ രവിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്ന് പരാതിക്കാരനായ അഡ്വ.ജി.എസ് മണിയെ ഡല്‍ഹി പോലീസ് അറിയിച്ചു.
ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ.ജി.എസ് മണി നല്കിയ ഹര്‍ജി ഡല്‍ഹി റോസ് അവന്യു കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജലീല്‍ രാജ്യദ്രോഹ പരാമര്‍ശമാണെന്നും നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ നിയമ നടപടികളില്‍ വിശ്വാസമില്ല. അതിനാല്‍ ഡല്‍ഹിയില്‍ തന്നെ പരിഗണിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
കശ്മീര്‍ സന്ദര്‍ശന വേളയില്‍ ജലീല്‍, പാക് അധീന കശ്മീരിലെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ 'ഇന്ത്യന്‍ അധീന കശ്മീര്‍' എന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചതായി വിവാദത്തിനാധാരം. ലേഖനം വിവാദമായതോടെ ജലീല്‍ പിന്‍വലിച്ചിരുന്നു.






