
തമിഴക രാഷ്ട്രീയത്തിന്റെ സിനിമാറ്റിക് ഭാവങ്ങളെ പരമാവധി റിയലിസ്റ്റിക് സാദ്ധ്യതകളും സങ്കേതങ്ങളും ഉപയോഗിച്ച് അഭ്രപാളിയില്‍ പകര്‍ത്തിയതിന്റെ ഫലമായിരുന്നു മണിരത്നത്തിന്റെ ഇരുവര്‍ എന്ന സിനിമ.സിനിമയും ജീവിതവും വിവേചിച്ചറിയാന്‍ വയ്യാത്ത വിധം കെട്ടുപിണഞ്ഞതാണ് തമിഴ് മക്കളുടെ ആസ്വാദക മനസ്സ്.എം ജി ആറും കരുണാനിധിയും ജയലളിതയുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും കഥാപാത്രങ്ങളായി ഇരുവറില്‍ മിന്നി മറഞ്ഞപ്പോള്‍ സിനിമ സൂപ്പര്‍ ഹിറ്റായി അടയാളപ്പെടുത്തപ്പെട്ടു.
അന്‍പതുകളില്‍ പ്രതിഭയുടെ നിധിയൊളിപ്പിച്ച മുഖവും മനസ്സുമായി ആനന്ദന് എന്ന യുവാവ് തമിഴക മണ്ണില്‍ എത്തുന്നതോടെ ആരംഭിയ്ക്കുന്ന കഥയാണ് ഇരുവര്‍.എം ജി രാമചന്ദ്രന്റെ പകര്‍പ്പായ ആനന്ദന് എന്ന നടനായി മോഹന്‍ലാല്‍ നിറഞ്ഞാടി.തമിഴ് അരസിയലില്‍ തന്റെ കവിതകള്‍ കൊണ്ട് തീപ്പൊരി പാറിയ്ക്കുന്ന യുവകവി തമിഴ് സെല്വന് ആയി പ്രകാശ് രാജിലൂടെ കരുണാനിധി കടന്നുപോയി.എന്നാല്‍ ആനന്ദന് എന്ന നടന്റെ ക്രിയേറ്റിവിറ്റിയെ,പ്രണയത്തെ പ്രചോദിപ്പിയ്ക്കുന്ന കല്‍പ്പന എന്ന സുന്ദരിയായി എത്തിയത് ലോക സുന്ദരി ഐശ്വര്യാ റായ് ആയിരുന്നു.ഇന്ത്യന്‍ തമിഴക രാഷ്ട്രീയ ചരിത്രത്തില്‍ പരസ്യമായ രഹസ്യമായ എം ജി ആര്-ജയലളിത ബന്ധത്തിന്റെ അടയാളങ്ങളായിരുന്നു ആ രംഗങ്ങളില്‍ ഉണ്ടായിരുന്നത്.
സംഗീത മാന്ത്രികന് എ ആര് റഹ്മാന്റെ അത്ഭുത സംഗീതവും സന്തോഷ് ശിവന്റെ കാമറ പകര്‍ത്തിയ മനോഹര ദൃശ്യങ്ങളും ചേര്‍ത്ത് ആ പ്രണയത്തെ മണിരത്നം ഈ സിനിമയിലൂടെ കൊതിപ്പിയ്ക്കുന്ന ഒരു അപൂര്‍വ്വ ബന്ധമായി ഉദാത്തവല്‍ക്കരിച്ചു.
ഒരിയ്ക്കല്‍പ്പോലും എം ജി ആറോ ജയലളിതയോ തുറന്ന് വെളിപ്പെടുത്താത്ത ആ ബന്ധത്തിന്റെ അസ്ഥിത്വം ഈ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കടന്നു വന്നു എന്ന് തന്നെ പറയാം..






