സെക്കന്ദരാബാദ്: സെക്കന്ദരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ അഗ്നിബാധയില്‍ എട്ട് പേര് മരിച്ചു. രണ്ട് പേര് സ്ത്രീകളാണ്. പാസ്പോര്‍ട്ട് ഷോറും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ ലോഡ്ജില്‍ താമസിച്ചിരുന്നവരാണ് ശ്വാസംമുട്ടി മരിച്ചത്. ചെന്നൈ, ഡല്‍ഹി, കൊല്‍ക്കൊത്ത, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍.
ആഭ്യന്തരമന്ത്രി മഹമൂദ് അലിയും മന്ത്രി തലസനി ശ്രീനിവാസ് യാദവും സ്ഥലം സന്ദര്‍ശിച്ചു. അപകടത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മന്ത്രിമാര്‍ അറിയിച്ചു. കെട്ടിടത്തിന്റെ അടിനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബൈക്ക് ഷോറൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീ കെട്ടിടത്തിലെ ലോഡ്ജ് പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്ക് ആളിക്കത്തുകയായിരുന്നുവെന്ന് കരുതുന്നു.
കെട്ടിട ഉടമയ്ക്കും ഇലക്ട്രിക് ബൈക്ക് ഷോറൂം ഉടമയ്ക്കും ലോഡ്ജ് ഉടമയ്ക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. നാല് നിലകളില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ 25 പേര് താമസിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ ഒരു എക്സിറ്റ് വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അറയിലാണ് ആദ്യം തീ പിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു. 40 ബൈക്കുകള്‍ ഇവിടെയുണ്ടായിരുന്നു. ബൈക്കുകള്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് കരുതുന്നു.
രാത്രി 9.37 ഓടെയാണ് തീപിടിച്ചതായി അഗ്നിശമന സേനയ്ക്ക് അറിയിപ്പ് ലഭിച്ചത്. കനത്ത പുകയാണ് അറയില്‍ നിന്ന് ഉയര്‍ന്നത്. കെട്ടിടത്തില്‍ കുടുങ്ങിയ 15 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. രണ്ട് പേര് ജനാലയിലൂടെ പുറത്തേക്ക് ചാടി. രണ്ട് പേര്‍ക്ക് പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.






