തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണം തള്ളി പാര്‍ട്ടി നേതൃത്വം. റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമില്ലെന്ന് ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാനും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.
സുരേന്ദ്രന്റെത് അടുത്ത കാലത്തെ വലിയ വിവരക്കേടും അസംബന്ധവുമാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. ഒരു പാര്‍ട്ടിയുടെ പ്രസിഡന്റ് മറ്റൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവ് ഹാജരാക്കണം. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ഒരിക്കലും ബന്ധമില്ല. അങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അത് സുരേന്ദ്രന് തെളിയിക്കണമെന്ന് വെല്ലുവിളിക്കുന്നു. ഐ.എന്‍.എല്ലിനും പോഷക സംഘടനകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനമുണ്ട്. അതിന് റിഹാബ് ഫൗണ്ടേഷന്റെ സഹായം വേണ്ട. റിഹാബിന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് കണ്ടായിരിക്കാം മുഹമ്മദ് സുലൈമാന്‍ അതില്‍ നിന്ന് പിന്മാറിയതെന്നും കാസിം ഇരിക്കൂര്‍ ഒരു ചാനലിനോട് പ്രതികരിച്ചു.
റിഹാബ് ഫണ്ടേഷനുമായി ബന്ധമില്ലെന്ന് ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാനും പ്രതികരിച്ചു. മുന്‍പ് ട്രസ്റ്റി അംഗമായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് അതില്‍ നിന്ന് പിന്മാറി. ഇപ്പോള്‍ റിഹാബിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ ആരാണെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.






