
ലക്നൗ: സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവിന്റെ വിയോഗത്തില്‍ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം. മുലായമിന്റെ സംസ്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശത്ത് നടക്കും.
ദേശീയ നേതാക്കള്‍ മുലായമിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. അടിയന്തരാവസ്ഥ കാലത്തെ പ്രധാന പടയാളിയായിരുന്നു മുലായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഉത്തര്‍പ്രദേശിലും ദേശീയ രാഷ്ട്രീയത്തിലും വേറിട്ട വ്യക്തിത്വമായിരുന്നു മുലായമിന്റെത്. അടിയന്തരാവസ്ഥ കാലത്തെ പ്രധാന പോരാളി. പ്രതിരോധമന്ത്രിയെന്ന നിലയില്‍, ശക്തമായ ഇന്ത്യയ്്ക്കു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഉള്ക്കാഴ്ചയുള്ളതും ദേശീയ താല്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും മോദി ട്വീറ്റ് ചെയ്തു.
ജനങ്ങളെ ജാഗ്രതയോടെ നയിച്ച നേതാവായിരുന്നു. ജയപ്രകാശ് നാരായണന്റെയും റാം മനോഹര്‍ ലോഹ്യയുടെയും ആശയങ്ങള്‍ ജനകീയമാക്കിയത് അദ്ദേഹത്തിലൂടെയായിരുന്നുവെന്നും മോദി മറ്റൊരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ഭൗതികദേഹത്ത് പുഷ്പചക്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു യുഗം അവസാനിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ തനതായ രാഷ്ട്രീയ നിപുണതയോടെ പതിറ്റാണ്ടുകള്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന സാന്നിധ്യമാണ് മുലായമിന്റെത്. അടിയന്തരാവസ്ഥ കാലത്ത്, ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. അദ്ദേഹം മൗലിക നിലവാരമുള്ള നേതാവായിരുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
വളരെയേറെ ദുഃഖകരമാണ് മുലായമിന്റെ മരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സോഷ്യലിസത്തിന്റെ നെടുംതൂണായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പോരാട്ടത്തിന്റെ ഒരു യുഗമാണ് സമാപിച്ചത്. അദ്ദേഹത്തിന് നിത്യശാന്തി നേരുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും യോഗി ആദിത്യനാഥ് പറഞ്ഞു.







Comments