
കൊച്ചി: മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും വിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവന് ക്ഷണിച്ച പ്രകാരം ഗവര്‍ണറെ കാണാനെത്തിയ മാധ്യമങ്ങളില്‍ നിന്ന് കൈരളി ചാനലിനേയും മീഡിയ വണ്‍ ചാനലിനേയുമാണ് വിലക്കിയത്. ഈ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുപോകണമെന്നും ഇവരോട് സംസാരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, രാജ്ഭവന് ക്ഷണിച്ച മാധ്യമങ്ങളുടെ പട്ടികയില്‍ കൈരളിയും മീഡിയ വണ്ണുമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതിനെ മറ്റുള്ളവര്‍ ചോദ്യം ചെയ്തപ്പോള്‍ വിഷയം വ്യക്തിപരമായി ഉന്നയിക്കുകയായിരുന്നു അദ്ദേഹം. ഷാ ബാനു കേസില്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തയാണ് മീഡിയവണ്‍ നല്‍കിയതെന്നും കൈരളി പാര്‍ട്ടി ചാനലാണെന്നുമാണ് ഗവര്‍ണര്‍ നല്കുന്ന മറുപടി. ഗവര്‍ണര്‍ പദവിയിലിരുന്ന് ഇത്രയൂം അസഹിഷ്ണുത കാട്ടുന്നതും മാധ്യമങ്ങള്‍ ഉന്നയിച്ചു. അപ്പോഴും ഗവര്‍ണറുടെ നിലപാട് ഇതുതന്നെയായിരുന്നു.
നേരത്തെ, ഡല്‍ഹിയിലും മലയാളി മാധ്യമപ്രവര്‍ത്തകരെ കാണില്ലെന്ന നിലപാട് ഗവര്‍ണര്‍ എടുത്തിരുന്നു. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.






