
കൊച്ചി: സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനം ഭരണഘടനാ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ള പല സംഭവങ്ങളും ഉയര്‍ത്തി ക്രമസമാധാന തകര്‍ച്ചയെന്ന ആരോപണവും ഗവര്‍ണര്‍ ഉന്നയിച്ചു. കൊച്ചിയില്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ഗവര്‍ണറുടെ വിമര്‍ശനം.
ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ക്കാണ് ന് ഇടതു സര്‍ക്കാര്‍ തുടക്കമിട്ടത്. സാങ്കേതിക സര്‍വകലാശാല വി.സിയായി ചുമതലയേല്‍ക്കാനെത്തിയ ഡോ.സിസ തോമസിനെ എസ്.എഫ്.ഐ തടഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത് ക്രമസമാധാന തകര്‍ച്ചയാണ്. രാജ്ഭവന് മാര്‍ച്ച് വരട്ടെ എന്നും തന്നെ റോഡില്‍ ആക്രമിക്കട്ടെ എന്നും ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാര്‍ച്ചില്‍ അദ്ദേഹം പ്രതികരിച്ചു.
മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മേയര്‍ എഴുതിയതുപോലെ നിരവധി കത്തുകള്‍ വേറെയുമുണ്ട്. അവ പുറത്തുവരണം. കേരള സര്‍ക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
താന്‍ ഭരണത്തില്‍ ഇടുപെടുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത് എന്നാല്‍ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാല്‍ താന്‍ രാജിവെക്കാം. എന്നാല്‍ സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സിപിഎം ധര്‍ണ്ണ നടത്തുമെന്നാണ് പറയുന്നത്. അവര്‍ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താന്‍ രാജ് ഭവനിലുള്ളപ്പോള്‍ തന്നെ നടത്തട്ടേ. ധര്‍ണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു. 'ഞാന്‍ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ' എന്നും ഗവര്‍ണര്‍ ചോദിച്ചു. മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറയട്ടേ എന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു






