കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ കാനയില്‍ വീണ് മൂന്നു വയസ്സുകാരന് പരിക്ക്. മൂടാതെ കിടന്ന വലിയ കാനയിലേക്കാണ് കുട്ടി വീണത്. ഒപ്പമുണ്ടായിരുന്ന അമ്മ ഉടന്‍തന്നെ പിടിച്ചുകയറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.
കുട്ടിയെ തൊട്ടടുത്തുള്ള മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു കുഞ്ഞും അമ്മയും.
ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ ഭാഗമായി നിര്‍മ്മിച്ച കാനയാണിത്. വലിയ കാന ആയതിനാല്‍ മൂടേണ്ട എന്ന നിലപാടിലാണ് കോര്പറേഷന്. സമീപത്തുള്ള വീടുകളിലെയും ഹോട്ടലുകളിലേയും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള മലിനജലം ഒഴുകിയെത്തുന്ന കാനയിലേക്കാണ് കുട്ടി കാല് വഴുതി വീണത്. വെള്ളത്തില്‍ മുങ്ങിയ കുട്ടി മലിന ജലം കുടിച്ചുവെന്നും പറയപ്പെടുന്നു.
കുട്ടിക്ക് പ്രത്യക്ഷത്തില്‍ കാര്യമായ ആരോഗ്യപ്രശ്നമില്ലെങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷമേ ആശുപത്രി വിടാനാവൂ.






