ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിന് തൊട്ടുപിന്നാലെ അമ്മയും നവജാത ശിശുവും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചതോടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ബന്ധുക്കള്‍ രംഗത്തെത്തി. അടിയന്തര ചികില്‍സ നല്കാന് സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്റേയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ലേബര്‍മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്കി.
കുഞ്ഞ് ഇന്നലെ രാത്രി തന്നെ മരിച്ചിരുന്നു. പുറത്തെടുക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അമ്മയും മരിച്ചത്.
ഇന്നലെ രാത്രിതന്നെ അമ്മയുടെ മരണം സംഭവിച്ചതാണെന്നും അത് മറച്ചുവെയ്ക്കാന്‍ ആശുപത്രി അധികൃതര്‍ വെന്റിലേറ്ററില്‍ വച്ചുവെന്നും ഇന്നു പുലര്‍ച്ചെയാണ് മരണവിവരം അറിയിക്കുന്നതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.





