ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. പണം നല്‍കാമെന്ന ഉറപ്പിലാണ് കേരളത്തിന് ഭക്ഷ്യധാന്യം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കേരളം മാറ്റിപ്പറയുകയാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
പ്രകൃതിദുരന്തങ്ങളുടെ സമയത്ത് സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ഭക്ഷ്യധാന്യത്തിന് പണം വാങ്ങുന്നതില്‍ അസ്വഭാവികതയില്ല. പ്രകൃതി ദുരന്തം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കാറുണ്ട്. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിനിയോഗിക്കണം. ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സര്‍ക്കാര്‍ പരാജയമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
2018 ഓഗസ്റ്റിലെ പ്രളയ കാലത്താണ് എഫ് സി ഐയില്‍ നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. അരി വിലയായ 205.81 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അരി വിതരണത്തിന് ശേഷമാണ് കേന്ദ്രം കത്ത് നല്‍കിയത്.
എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ നിരവധി തവണ കത്തയച്ചിരുന്നുവെങ്കിലും പക്ഷേ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിുകയായിവരുന്നു. പണം അടച്ചില്ലെങ്കില്‍ കേന്ദ്ര ഭക്ഷ്യ സബ് സിഡിയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ജുലൈയില്‍ കത്തെഴുതി. ഇതോടെ പണം തിരികെ അടക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തിരച്ചടവിനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിടുകയായിരുന്നു.






