ബീറ്റുള്: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ ജീവനോടെ പുറത്തെടുക്കാന്‍ ദിവസങ്ങളായി നടന്ന രക്ഷാദൗത്യം വിഫലമായി. 55 അടി താഴ്ചയില്‍ കിടന്നിരുന്ന കുട്ടിയെ പുറത്തെടുത്തുവെങ്കിലും മരണമടഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് കളിക്കുന്നതിനിടെ തന്മയ് സാഹു എന്ന എട്ടുവയസ്സുകാരന് വയലിലെ കുഴല്‍ക്കിണറില്‍ വീണത്.
പോലീസും ദുരന്ത നിവാരണ സേനയും ഹോം ഗാര്‍ഡും എല്ലാം ചേര്‍ന്ന് നാലു ദിവസം തീവ്രപരിശ്രമം നടത്തിയിട്ടും കുട്ടിയെ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. കുട്ടിയെ പുറത്തെടുക്കാന്‍ വളരെ കാലതാമസമെടുത്തുവെന്ന് തന്മയ് സാഹുവിന്റെ അമ്മ ജ്യോതി സാഹു പറഞ്ഞു. ഒരു നേതാവിന്റെയോ ഓഫീസറുടെയോ മകനായിരുന്നുവെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നേ? അവര്‍ ഒന്നും പറയുന്നില്ല. കുട്ടിയെ കാണാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നൂം അമ്മ പറഞ്ഞു.
കുട്ടി കിണറ്റില്‍ വീണ വിവരം മകള്‍ കണ്ടിരുന്നു. അപ്പോള്‍ തന്നെ വിവരം അറിയിച്ചു. താന്‍ ഓടിയെത്തുമ്പോള്‍ അവന് സംസാരിക്കുന്നുണ്ടായിരുന്നു. ആറു മണിയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും നാലാം ദിവസമാണ് പുറത്തെടുത്തതെന്ന് പിതാവ് സുനില്‍ സാഹു പറഞ്ഞു.






