
കൊച്ചി: കാപികോ റിസോര്‍ട്ട് പൊളിക്കാന്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ നല്കിയ അനുമതി പത്രം ഹാജരാക്കണമെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍.
കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി ഉത്തരവും പരിസ്ഥിതി മാനേജ്മെന്റ് പ്ലാനും (ഇ.എം.പി.) ഹാജരാക്കാനാണു ഉത്തരവ്. എന്നാല്‍, ഇവ സര്‍ക്കാര്‍ ഫയലില്‍ കാണാനില്ലാത്ത സ്ഥിതിയാണ്.
വിദഗ്ധസമിതി ഇവിടെ വന്നപ്പോള്‍, രണ്ടു രേഖകളും കാണിച്ചിരുന്നെന്നും ഇപ്പോള്‍ കാണുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇതു കാപികോ റിസോര്‍ട്ടിനെ സഹായിക്കുന്ന നിലപാടാണെന്നാണു വിമര്‍ശനം. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പൊളിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്കാന് സാധ്യതയുണ്ട്. അടുത്തമാസം 13 നു ഹര്‍ജി വീണ്ടും പരിഗണിക്കും.
സുപ്രീം കോടതി നിര്‍ദേശപ്രകാരമാണു പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ തുടങ്ങിയത്. അതിനിടെ, പരിസ്ഥിതി അനുമതി വാങ്ങാതെയാണു റിസോര്‍ട്ട് പൊളിക്കുന്നതെന്നാരോപിച്ച് നാട്ടുകാരിയായ മത്സ്യത്തൊളിലാളി എന്‍.ജി.ടിയെ സമീപിച്ചു. പൊളിക്കല്‍ മാലിന്യം വന്‍ പരിസ്ഥിതി നാശത്തിനിടയാക്കുമെന്നും നൈജീരിയന്‍ കൊക്കുകളുടെ ആവാസം തകര്‍ക്കുമെന്നാണു പ്രധാന പരാതി. മരട് ഫ്ലാറ്റുകള്‍ പൊളിക്കും മുമ്പു ഐ.ഐ.ടി. റൂര്‍ഖി പഠനം നടത്തിയിരുന്നു.
കോടതിയലക്ഷ്യം ഉണ്ടാകുമെന്ന ആശങ്കയില്‍ സുപ്രീം കോടതി വിധി വേഗം നടപ്പാക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതി വേണമെന്നു എന്‍.ജി.ടി. നിര്‍ദേശിച്ചാല്‍, അതിന്റെ മറവില്‍ പൊളിയ്ക്കല്‍ വൈകിപ്പിക്കാനാവും.
സുപ്രീം കോടതി ഉത്തരവുപ്രകാരം കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങിയെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, എന്‍.ജി.ടിയിലെ ഹര്‍ജിക്കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടില്ല. കെട്ടിടങ്ങള്‍ ആറുമാസത്തിനകം പൂര്‍ണമായും പൊളിച്ചുനീക്കാനാണുനിര്ദേശം. 54 വില്ലകളും പ്രധാന കെട്ടിടവും ഉള്‍പ്പെടുന്നതാണു സമുച്ചയം. 350 കോടിയാണു നിര്‍മാണച്ചെലവ്.
2008 ല്‍ നിര്‍മാണം തുടങ്ങിയ റിസോര്‍ട്ട് കെട്ടിടങ്ങള്‍ 2012 ലാണു പൂര്‍ത്തിയായത്. പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതു 2013 ജൂലൈയിലാണ്. ഉടമകള്‍ നിയമപോരാട്ടം നടത്തിയെങ്കിലും സുപ്രീം കോടതിയും കൈവിട്ടതോടെയാണു പൊളിക്കല്‍ അനിവാര്യമായത്.
ജെബി പോള്‍






