ഭോപ്പാല്‍: ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാനും തയ്യാറാണെന്ന് പ്രസംഗിച്ച മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ രാജ പട്ടേരിയ അറസ്റ്റില്‍. ഇന്നു രാവിലെയാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഒരു യോഗത്തിലായിരുന്നു വിവാദ പ്രസംഗം. ഇതിനെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പവായ് പോലീസ് ഇന്നലെ കേസെടുത്തിരുന്നു.
'മോദി തിരഞ്ഞെടുപ്പുകള്‍ അവസാനിക്കും, മോദി ഭാഷയുടെയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കും, ദളിത്, ആദിവാസികള്‍, ന്യുനപക്ഷങ്ങള്‍ എന്നിവരുടെ ജീവിതം അപകടത്തിലാകും, ഭരണഘടന സംരക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലാനും തയ്യാറാകണം' എന്നായിരുന്നു രാജ പട്ടേരിയയുടെ പരാമര്‍ശം. എന്നാല്‍ മോദിയെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി തോല്‍പ്പിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഉടന്‍തന്നെ അദ്ദേഹം തിരുത്തിപറയുന്നുമുണ്ട്.
രാജയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രംഗത്തെത്തിയിരുന്നു. ഭാവരത് ജോഡോ യാത്ര നടത്തുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് പുറത്തുവന്നിരിക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ പരാമര്‍ശം. മോദിയെ തിരഞ്ഞെടുപ്പില്‍ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ വധിക്കുന്നതിനെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഇത് വെറുപ്പിന്റെ അങ്ങേയറ്റമാണ്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നു. നിയമം അതിന്റെ വഴിക്കുപോകുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ പട്ടേരിയയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസും തള്ളിക്കളഞ്ഞൂ. പ്രധാനമന്ത്രി എന്നല്ല, ആര്‍ക്കെതിരെയും ഇത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഇതില്‍ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു. ഇത്തരം വാക്ക് ഉപയോഗിച്ചതില്‍ ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






