
കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്കരണത്തില്‍ നിന്ന് പിന്മാറാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. സ്കൂള്‍ സമയമാറ്റം വന്നാല്‍ മദ്രസ്സ പഠനം തടസ്സപ്പെടും. ഇക്കാര്യം മുഖ്യമന്ത്രി അടക്കം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഇന്നലെ നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പുറമേ ഒന്ന് പറഞ്ഞ് ഉള്ളില്‍ മറിച്ചുള്ള തീരുമാനം എടുക്കുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയിലും സമസ്ത പ്രതികരണം നടത്തി. ലീഗിനെ കുറിച്ച് നല്ല കാര്യം ആര് പറഞ്ഞാലും സന്തോഷമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറഞ്ഞേക്കും. എല്ലാവരും യോജിച്ച് പോകണമെന്ന അഭിപ്രായമാണ് സമസ്തയ്ക്ക്. പ്രത്യേകിച്ച് കേന്ദ്രം ഫാസിസത്തില്‍ പിടിമുറുക്കിയ സാഹചര്യത്തില്‍. രാഷ്ട്രീയ കാര്യത്തില്‍ സമസ്ത ഇടപെടുന്നില്ല. ആരു ഭരിച്ചാലും സ്വതന്ത്ര്യത്തോടെ കഴിയാന്‍ പറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡ് ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതായിരുന്നു. ജാഗ്രത പാലിച്ചില്ലെങ്കില്‍ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ അവതരണവേളയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഇല്ലാതിരുന്നതിനെ ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബ് വിമര്‍ശിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആരെയും പേരെടുത്ത് വിമര്‍ശിക്കാന്‍ സമസ്ത തയ്യാറായുമില്ല.






