
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് കൃഷ്ണപ്രഭ. ഡാന്‍സ് വീഡിയോ താരം ഇടയ്ക്കിടെ ഇതിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ക്രിസ്മസ് പാപ്പയായി ആരാധകരെ പ്രാങ്ക് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഡാന്‍സ് സംഘത്തിനൊപ്പം കരോള്‍ സംഘമായി മാറി വീടുകളിലെത്തിയ താരത്തെ ആരും തിരിച്ചറിഞ്ഞില്ല. കൊച്ചി പനമ്പള്ളി നഗറില്‍ നിന്നും കരോൾ തുടങ്ങിയ കൃഷ്ണപ്രഭയും സംഘവും ക്രിസ്മസ് ആഘോഷമാക്കി മിക്ക വീടുകളിലുമെത്തി. പാട്ടും നൃത്തവുമായെത്തിയ ഗ്രൂപ്പിനെ ആവേശപൂര്‍വ്വം ആരാധകര്‍ സ്വീകരിച്ചു. ‘‘കുറേകാലമായി ആഗ്രഹിക്കുന്ന കാര്യമാണ് ഒരു കരോൾ സംഘടിപ്പിച്ചാലോ എന്ന്. പക്ഷേ ഇതുവരെ അത് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇത്തവണ ഞാൻ എന്റെ സ്വന്തം ഡാൻസ് ടീമിനോട് പറഞ്ഞപ്പോൾ അവർ നമുക്ക് അടിച്ചു പൊളിക്കാം ചേച്ചി എന്ന് പറഞ്ഞു.’’ കൃഷ്ണപ്രഭ പറയുന്നു.
ക്രിസ്മസ് പാപ്പയുടെ മാസ്ക് മാറ്റിയപ്പോഴാണ് താരത്തെ ആരാധകര്‍ മനസ്സിലാക്കിയത്. താരത്തിന്റെ അമ്മയും കൂടെയുണ്ടായിരുന്നു. ആളുകള്‍ തിരിച്ചറിയും എന്നു കരുതി താന്‍ മാറി നില്‍ക്കുകയായിരുന്നു എന്ന് അമ്മ പറയുന്നു. സംഘത്തോടൊപ്പം ആടാനും പാടാനും നിരവധി നാട്ടുകാരും കൂടിയതോടെ വലിയ ആഘോഷമായി മാറി. മനസ്സില്‍ കൊണ്ടു നടന്ന ഒരു വലിയ ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് കൃഷ്ണപ്രഭ പറയുന്നത്.






