
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ഭരണം നേടിയാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാന്‍ കഴിയാതെ വിഷമിക്കുന്ന ബിജെപി കേരളത്തില്‍ ശ്രദ്ധ കൂടുതല്‍ നല്കുന്നു. കേരളത്തിലെ 10 സീറ്റുകള്‍ ലക്ഷ്യം വെച്ചു നീങ്ങുന്ന ബിജെപി ആറിടത്തെങ്കിലും വിജയം നേടാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ മെനയുന്നത്. രാഷ്ട്രീയത്തിനപ്പുറത്ത് മികച്ച വ്യക്തിത്വങ്ങളെ വെച്ച് മത്സരിക്കാനാണ് ബിജെപിയുടെ നീക്കം.
ആറ്റിങ്ങല്‍, പത്തനംതിട്ട, തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, പാലക്കാട് സീറ്റുകളിലാണ് ബിജെപി ശ്രദ്ധവെച്ചിരിക്കുന്നത്. ഇടതുപക്ഷത്തെയും യുഡിഎഫിനെയും വെല്ലുന്ന മികച്ച വ്യക്തിമുദ്രയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തേടുകയാണ് ബിജെപി. മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിക്കുന്നത് പോലെ സിനിമ, സ്പോര്‍ട്സ് മേഖലകളില്‍ പാര്‍ട്ടിയുമായി ചേര്ന്നുപോകുന്നവരെ കണ്ടെത്താനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം.
അതേസമയം പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്ന് കണക്കാക്കുന്ന ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്, കോഴിക്കോട് മണ്ഡലങ്ങളിലും സംസ്ഥാന നേതൃത്വം പ്രതീക്ഷ വെയ്ക്കുന്നുണ്ട്. പാര്‍ട്ടിയുടെ വോട്ടുകള്‍ക്ക് പുറമേ വോട്ടുകള്‍ പിടിക്കാന്‍ കഴിയുന്ന മികച്ച വ്യക്തിത്വങ്ങള്‍ വന്നാല്‍ മാറ്റമുണ്ടാക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഒക്ടോബറില്‍ പട്ടികയുണ്ടാക്കും.






