
തിരുവനന്തപുരം : യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ ദുരൂഹതകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട രേഖകള്‍ പോലീസ് വീണ്ടും പരിശോധിക്കാനൊരുങ്ങുന്നു. നയന മരിച്ചുകിടന്ന മുറിയില്‍ പുറത്ത് നിന്നും ആള്ക്കാര് കയറാനുള്ള സാധ്യതയില്ലെന്ന പോലീസിന്റെ കണ്ടെത്തല്‍ നിഗൂഡത കൂട്ടുകയാണ്.
സംഭവത്തില്‍ തുടരന്വേഷണം വേണമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് തിരുവനന്തപുരം ഡിസിപി വി.അജിത് ജില്ലാ െ്രെകം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ.ദിനിലിനെ ചുമതലപ്പെടുത്തി. നയനാസൂര്യന്റെ മരണം സ്വയം കഴുത്തുഞെരിച്ച് ആകാമെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തല്‍. വിഷാദരോഗത്തിന് മരുന്നു കഴിച്ചിരുന്ന നയനയ്ക്ക് സ്വയം പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന അസ്ഫിക്സിയോഫീലിയ എന്ന അവസ്ഥ ഉണ്ടായിരുന്നിരിക്കാമെന്നാണ് ഫോറന്‍സികിന്റെ നിഗമനം.
അതേസമയം സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന അത്യപൂര്‍വമായ ഈ അവസ്ഥ വിരളമായേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്നും നയനയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് നയനയുമായി ബന്ധപ്പെട്ടവരുടെ ആരോപണം. ആത്മഹത്യയായി വിലയിരുത്തിയ കാര്യം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംശയാസ്പദമായ സാഹചര്യത്തിലേക്ക് മാറിയത്.
കഴുത്തു ഞെരിഞ്ഞായിരുന്നു നയനയുടെ മരണം സംഭവിച്ചത്. ഇടതുകഴുത്തില്‍ 31.5 സെന്റീമീറ്റര്‍ നീളത്തില്മുറിവുണ്ട്. താടിയെല്ലില്‍ 6.5 സെന്റീമീറ്റര്‍ പാടുണ്ട്. ഉരഞ്ഞപാടുകള്‍ താടിയെല്ലിലും കഴുത്തിന് സമീപത്തുമുണ്ട്. കഴുത്തിന് മുന്‍ഭാഗത്തും താഴെയും നെഞ്ചിന്റെ ഭാഗത്തും അസ്ഥിക്ക് മുകളിലും പിങ്ക് നിറവുമുണ്ടായിരുന്നു. ചവിട്ടേറ്റതുപോലുള്ള, അഞ്ചു സെന്റീമീറ്റര്‍ ക്ഷതമേറ്റ പാടുകളും ആന്തരിക അവയവങ്ങള്‍ ഞെരിഞ്ഞ് രക്തസ്രാവവും ഉണ്ടായിട്ടുള്ളതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ സാഹചര്യമെല്ലാം പോലീസ് അവഗണിച്ചെന്നാണ് ആക്ഷേപം.






