
ഗോമതി: ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിന്റെ തറവാട്ടില്‍ പൂജയ്ക്ക് എത്തിയ പൂജാരിമാരെ അജ്ഞാതര്‍ ആക്രമിച്ചു. ചൊവ്വാഴ്ച രാത്രി ഏറെ വൈകി ത്രുപുരയിലെ ഗോമതി ജില്ലയിലെ ഉദയ്പൂരിലാണ് സംഭവം. ഉദയ്പൂരിലെ ജാംജുരിയിലെ രാജ്ധാനഗറിലെ വീട്ടില്‍ എത്തിയ പൂജാരിമാരുടെ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണം നടത്തയിയത് സിപിഎമ്മുകാരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിപ്ലബ് ദേബിന്റെ പിതാവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടത്താനിരിക്കുന്ന പൂജയ്ക്ക് എത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതരുടെ സംഘം സന്യാസിമാര്‍ക്ക് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് വഴിയാത്രക്കാരും പ്രദേശവാസികളും ഓടിയെത്തുകയും ഇടപെടുകയും ചെയ്തതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രദേശവാസികളുടെ കനത്ത പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാര്‍ അക്രമം നടത്തിയവരെന്ന് സംശയിക്കുന്നവരുടെ കടകള്‍ അടിച്ചുതകര്‍ത്തു. പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
അക്രമം നടത്തിയത് സിപിഎമ്മു കാരോ അവരുമായി ബന്ധമുള്ളവരോ ആയിരിക്കാമെന്നാണ് ആക്രമണത്തിന് ഇരയായ ജിതേന്ദ്ര കൗശിക് എന്ന പുരോഹിതന് പറയുന്നത്. ഇയാളുടെ വാഹനം അക്രമിസംഘം അടിച്ചു തകര്‍ത്തിരുന്നു.






