
തിരുപ്പതി: വിശ്വാസം പരകോടിയിലെത്തിയ പുതുവത്സരദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാട് വീണത് 7.6 കോടി രൂപ. വൈകുണ്ഡ ഏകാദശിയ്ക്ക് മുമ്പായുള്ള ദിനത്തില്‍ വീണ വഴിപാട് ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും വലിയ നേര്‍ച്ചകാഴ്ച വരവാണ്. ഒറ്റദിന കളക്ഷന്‍ കാരത്തില്‍ 1.3 കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായത്.
നിക്ഷേപക്കുറിപ്പിലൂടെ വന്ന കാണിക്കയുടെ തുകയാണ് റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നത്. ഇന്റര്‍നാഷണല്‍ മണിയോര്‍ഡര്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നീ രീതിയിലെല്ലാം ക്ഷേത്രത്തിലേക്ക് കാണിക്ക അര്‍പ്പിക്കാന്‍ സംവിധാനം ടി.ടി.ഡി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 23 ന് വീണ 6.3 കോടിയായിരുന്നു ക്ഷേത്രത്തെ സംബന്ധിച്ച് ഇതുവരെ ഒരു ദിവസം മാത്രം വീണ ഏറ്റവും വലിയ തുക.
ഈ വര്‍ഷത്തെ കാണിക്ക ഈ റെക്കോഡ് പൊട്ടിച്ചു. സപ്തമലയിലെ ദേവന്റെ അനുഗ്രഹം തേടി ഡിസംബര്‍ 31 ന് വിശ്വാസികള്‍ ഏറെയെത്തിയപ്പോള് തൊഴാനുള്ള ക്യൂ അര്‍ദ്ധരാത്രിയിലും മൈലുകളോളം നീണ്ടു. കോവിഡിന്റെ നിയന്ത്രണം നീക്കി കഴിഞ്ഞ ഏപ്രിലില്‍ ക്ഷേത്ര ദര്‍ശനത്തിന് വിശ്വാസികള്‍ക്ക് അനുമതി കിട്ടിയതോടെ മാസംതോറും വന്‍ തുകയാണ് ക്ഷേത്രത്തില്‍ കിട്ടുന്നത്. 2012 നും 2022 നും ഇടയിലുള്ള പത്ത് വര്‍ഷം കൊണ്ട് വഴിപാട് വരവ് നേരെ ഇരട്ടിയായി മാറിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖ ഹിന്ദുക്ഷേത്രങ്ങളില്‍ പോലും സാധാരണഗതിയില്‍ മാസം 4 കോടി രൂപ വരുമ്പോഴാണ് തിരുപ്പതിയില്‍ ദിവസം 6 കോടി രൂപ വീഴുന്നത്. കോവിഡിന് മുമ്പ് തിരുമലയിലെ വഴിപാട് ഇനത്തിലുള്ള മാസവരുമാനം 90 കോടിയ്ക്കും 115 കോടിയ്ക്കും ഇടയിലായിരുന്നു. അതേസമയം വഴിപാടിന്റെ നിരക്ക് ഈ രീതിയിലാണ് പോകുന്നതെങ്കില്‍ വഴിപാട് ഇനത്തില്‍ മാത്രം 2022 - 23 സാമ്പത്തീക വര്‍ഷം 1,500 കോടി രൂപ വീഴുമെന്നാണ് ക്ഷേത്രം സംരക്ഷിക്കുന്ന ടി.ടി.ഡി പ്രതീക്ഷിക്കുന്നത്.






