
ലോകക്രിക്കറ്റിലെ കൂറ്റനടിക്കാരുടെ പട്ടികയില്‍ മുന്നിലുള്ള ദക്ഷിണാഫ്രിക്കന്‍ നായകന് എ ബി ഡിവിലിയേഴ്സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് നായകന് പദവി ഒഴിയുന്നതായി റിപ്പോര്‍ട്ട്. കൈമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന ശ്രീലങ്കയ്ക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്ന ഡിവിലിയേഴ്സ് തനിക്ക് പകരം ഫാഫ് ഡു പ്ളസിസിനെ സ്ഥിരം നായകനാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് വിവരം. എന്നിരുന്നാലും ഏകദിനത്തില്‍ നായകനായി താരം തുടര്‍ന്നേക്കും.
ഡിവിലിയേഴ്സിന് പകരം ടീമിന്റെ ചുമതല ഫാഫ് ഡു പ്ളെസിസിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏല്‍പ്പിച്ചു. എല്ലായ്പ്പോഴും ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്കായിരുന്നു താന്‍ ഉള്‍പ്പെടെ ടീമില്‍ ഓരോരുത്തരം പ്രാധാന്യം നല്‍കിയിരുന്നതെന്നും ടെസ്റ്റ് നായകപദവി ഏറ്റെടുക്കാമോ എന്ന് തന്നോട് ചോദിച്ചത് തനിക്ക് വലിയ ബഹുമതിയായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ തനിക്ക് നഷ്ടമായി. ശ്രീലങ്കയ്ക്കെതിരേയുള്ള പരമ്പര കളിക്കാനാകുമോ എന്നതും സംശയത്തിലാണ്. ഓസ്ട്രേലിയയ്ക്കെതിരേ ഒരു തകര്‍പ്പന്‍ പ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ടീമിന്റെ താല്‍പ്പര്യാര്‍ത്ഥം ഫാഫ് ഡു പ്ളെസിസിനെ സ്ഥിരം ടെസ്റ്റ് നായകനാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ജൂലൈയില്‍ ഭാഗഭാക്കായ കരീബിയന്‍ പ്രീമിയര്‍ലീഗ് മുതല്‍ താരം ടീമിന് പുറത്തായിരുന്ന ഡിവിലിയേഴ്സ് ശ്രീലങ്കയ്ക്കെതിരേ നടക്കുന്ന പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും പൂര്‍ണ്ണമായും ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ഇനിയും നാല് ആഴ്ചകള്‍ കൂടി വേണ്ടിവരും. ഇപ്പോള്‍ ജനുവരിയില്‍ തുടങ്ങുന്ന ഏകദിന പരമ്പരകളിലാണ് താരത്തിന്റെ ലക്ഷ്യം. ഏകദിനത്തില്‍ നായകനായി തന്നെയായിരിക്കും ഡിവിലിയേഴ്സിന്റെ മടക്കം.
ഒക്ടോബറിലായിരുന്നു പരിക്കേറ്റ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടര്‍ന്ന് മൂന്ന് മാസം വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. നവംബറില്‍ നടന്ന അഡ്ലെയ്ഡ് ടെസ്റ്റില്‍ മടങ്ങിവരാന്‍ താരം കഠിനമായി പ്രയത്നിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച മാത്രമാണ് താരത്തിന് നെറ്റ് പ്രാക്ടീസു പോലും തുടങ്ങാനായത്്. പ്രാദേശിക ട്വന്റി20 ലീഗില്‍ ടൈറ്റന്‍സിന് വേണ്ടി ഇറങ്ങാന്‍ ഒരുങ്ങുന്ന താരത്തിന് പക്ഷേ മെഡിക്കല്‍ കമ്മറ്റി ഇതുവരെ ക്ളീയറന്‍സ് നല്‍കിയിട്ടില്ല. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇറങ്ങരുതെന്നാണ് താരത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്ക സ്ഥിരം നായകനെ നിയോഗിച്ചേക്കും. ഹാഷീം ആംല ഇംഗ്ളണ്ടിനെതിരേയുള്ള പരമ്പരയില്‍ പകുതിക്ക് വെച്ച് നായകസ്ഥാനം കൈമാറിയതിന് പിന്നാലെ ഡിവിലിയേഴ്സിന് കീഴില്‍ ദക്ഷിണാഫ്രിക്ക ഒരു മത്സരം ജയിക്കുകയും ഒന്ന് തോല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് പരിക്കേറ്റ് മാറിയ ഡിവിലിയേഴ്സിന് പകരം വന്ന ഡു പ്ളെസിസിന് കീഴില്‍ ന്യൂസിലന്റിനെതിരേ 1-0 ന് ദക്ഷിണാഫ്രിക്ക ജയിക്കുകയും ഓസ്ട്രേലിയയ്ക്കെതിരേ ഏകദിന പരമ്പര 5-0 ന് തൂത്തു വാരുകയും ടെസ്റ്റ പരമ്പര 2-1 ന് ജയിക്കുകയും ചെയ്തിരുന്നു. ഇത് താരത്തിന് വ്യാപക പ്രശംസ നേടിക്കൊടുത്തിരുന്നു.