
സീരിയലിലും പ്രോഗ്രാമിലും സജീവമായ കാലം മുതലുള്ള ആഗ്രഹമാണത്. ഗള്‍ഫിലൊന്നു പോകണം. എന്തെങ്കിലും പ്രോഗ്രാമുകള്‍ ചെയ്യണം. അതിനുള്ള അവസരമാണ് പത്തുവര്‍ഷം മുമ്പുള്ള ഡിസംബറില്‍ കൈവന്നത്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പ്രോഗ്രാം അവതരിപ്പിക്കാനുള്ള ക്ഷണം. നിബു പേരേറ്റില്‍ എന്ന സുഹൃത്താണ് എന്നെക്കുറിച്ച് പ്രൊഡ്യൂസറായ പ്രമദിനോട് പറയുന്നത്. പ്രമദ് ഇക്കാര്യം പറഞ്ഞപ്പോള്‍ ഭയങ്കരസന്തോഷം.
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഓരോ ദിവസവും ആളുകളോട് കുസൃതിച്ചോദ്യങ്ങള്‍ ചോദിക്കണം. ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം. വര്‍ഷങ്ങളായി നടന്നുവരുന്ന പ്രോഗ്രാമാണത്.
ഇത്തവണ പുതിയൊരു ആശയം വേണമെന്ന് പ്രൊഡ്യൂസര്‍ നിര്‍ദ്ദേശിച്ചു. ഇരുപത് ദിവസമാണ് പ്രോഗ്രാം.
''ഓരോ ദിവസവും ഓരോ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചാലോ?'
പ്രമദിനും സമ്മതം. ഓരോ ദിവസത്തെയും വേഷത്തിന്റെ പ്ലാന്‍ തയ്യാറാക്കിയ ശേഷമാണ് ദുബായിലേക്ക് പോകുന്നത്. ഒരു ദിവസം ദുബായിക്കും ഷാര്‍ജയ്ക്കും ഇടയിലുള്ള ബര്‍ദുബായ് എന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. അവിടെ കടലാണ്. അതുകൊണ്ടുതന്നെ ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ഒരുപാടുപേര് കപ്പലില്‍ വരും.
അവരോട് ചോദ്യങ്ങള്‍ ചോദിക്കാം എന്നു കരുതിയാണ് ഒരു ലാടവൈദ്യന്റെ വേഷത്തില്‍ പോര്ട്ടിലിരുന്നത്. തമിഴില്‍ ചില മരുന്നുകളുടെ പേരൊക്കെ പറഞ്ഞശേഷം ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു. ആളുകള്‍ വളരെ ആവേശത്തോടെയാണ് പ്രതികരിച്ചത്. പെട്ടെന്നാണ് ആഴക്കടലില്‍ നിന്നും ഒരു ഷിപ്പ് തീരത്തോടടുക്കുന്നത് കണ്ടത്.
''ആ കപ്പല്‍ തീരത്തടുക്കുന്ന സമയത്തുതന്നെ അതിലേക്ക് ചാടിക്കയറി ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതൊരു പുതുമയായിരിക്കും.''
പ്രൊഡ്യൂസര്‍ പ്രമദും സമ്മതിച്ചു. ക്യാമറാമാന് ജോബി വാഴപ്പള്ളി ക്യാമറ റെഡിയാക്കി. ഷിപ്പ് തീരത്തോടടുക്കുമ്പോള്‍ കണക്ട് ചെയ്യുന്ന 'എല്‍' ഷേപ്പിലുള്ള കമ്പിയുടെ ഒരു സ്റ്റെപ്പുണ്ട്.
ഷിപ്പ് കരയ്ക്കടുത്താല്‍ കരയിലുള്ള ഈ സ്റ്റെപ്പിലൂടെ ആളുകള്‍ക്ക് ഇറങ്ങാന്‍ കഴിയും. ഷിപ്പ് അടുത്തുകൊണ്ടിക്കുകയാണ്. ഞാന്‍ മൈക്കുമായി കരയിലുള്ള സ്റ്റെപ്പിലേക്ക് നടന്നു.
സ്റ്റെപ്പിന്റെ അറ്റത്തേക്ക് കയറിയപ്പോള്‍ പെട്ടെന്നാണ് അത് താഴേക്കുപോയത്. നിലവിളിച്ചുകൊണ്ട് ഞാന്‍ വെള്ളത്തിലേക്ക്. ഒന്നു മുങ്ങിനിവരുമ്പോള്‍ കാണുന്നത് ഷിപ്പ് അടുക്കുന്നതാണ്. ആളുകള്‍ ചുറ്റും കൂടിനില്ക്കുന്നു. കരയ്ക്കും ഷിപ്പിനുമിടയിലായിരുന്നു ഞാന്‍. എന്റെ കൂടെ വന്നവര്‍ ക്യാമറയുടെ വയര്‍ എറിഞ്ഞുതന്നു.
പക്ഷേ എനിക്കത് പിടിക്കാന്‍ കഴിഞ്ഞില്ല. വീണ്ടും ഞാന്‍ മുങ്ങിത്താണു. അടുത്ത തവണ പൊങ്ങിയപ്പോള്‍ ആരോ എന്നെ പിടിച്ചുകയറ്റി. ആളുകള്‍ ചുറ്റുംകൂടിയിരിക്കുകയാണ്. ക്യാമറാമാന് ജോബിയാണെങ്കില്‍ പൊട്ടിക്കരയുന്നു.
അര്‍ധബോധാവസ്ഥയിലുള്ള എന്നെ എല്ലാവരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. വലിച്ചുകയറ്റുന്നതിനിടെ വലതുകൈയുടെ ഞരമ്പ് അറ്റുപോയ വിവരം ഡോക്ടര്‍ അറിയിച്ചപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. എന്റെ മുഖം വല്ലാതായതുകണ്ട് ഡോക്ടര്‍ പറഞ്ഞു.
''ജീവന് തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. മുമ്പും ആ സ്ഥലത്തുനിന്ന് ഇതേ രീതിയില്‍ ആളുകള്‍ കടലില്‍ പോയിട്ടുണ്ട്. ആരും രക്ഷപ്പെട്ടിട്ടില്ല. ഇത് നിങ്ങളുടെ ഭാഗ്യമാണ്.''
ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. ഞാന്‍ പതുക്കെ മൊബൈല്‍ ഓണ്‍ ചെയ്തു. സ്ക്രീന്‍ സേവറില്‍ ചിരിക്കുകയാണ്, ആറുമാസമായ മോന്.
''ഒരു പക്ഷേ ഇവന്റെ ഭാഗ്യമാവാം''
കൂടെയുണ്ടായിരുന്നവരോട് പറയുമ്പോള്‍ എന്റെ ശബ്ദമിടറി. ഞാന്‍ കമിഴ്ന്നുകിടന്ന് പൊട്ടിക്കരഞ്ഞു.
നാട്ടിലെത്തി ഒന്നര മാസം കഴിഞ്ഞപ്പോഴാണ് മറ്റൊരു വാര്‍ത്ത കൂടി അറിഞ്ഞത്. ബര്‍ദുബായിലെ പോര്‍ട്ടില്‍ വീണ്ടും ഒരാള്‍ കടലില്‍ വീണു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഞെട്ടിക്കുന്ന ആ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ ദൈവത്തിന് സ്തുതി പറഞ്ഞു.






