
ന്യുഡല്‍ഹി: വിമാനത്തില്‍ കയറാന്‍ എത്തിയ യാത്രക്കാരില്‍ 50 ഓളം പേരെ കയറ്റാതെ സര്‍വീസ് നടത്തിയ ഗോ ഫസ്റ്റ് വിമാന കമ്പനിയോട് വിശദീകരണം തേടി ഏവിയേഷന്‍ റെഗുലേറ്ററി ഏജന്‍സിയായ ഡിജിസിഎ. ഇന്നലെ രാവിലെ ബംഗലൂരുവിലാണ് സംഭവം. രാവിലെ 6.30ന് കെംപെഗൗഡ വിമാനത്താവളത്തില്‍നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട ജി8 116 വിമാനത്തില്‍ കയറാനുള്ള 50 ഓളം യാത്രക്കാരെയാണ് റണ്‍വേയിലെ ബസില്‍ ഉപേക്ഷിച്ച് സര്‍വീസ് നടത്തിയത്.
നാല് ബസുകളിലാണ് യാത്രക്കാരെ വിമാനത്തിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. 55 യാത്രക്കാര്‍ ഒരുബസില്‍ കാത്തിരിക്കേയാണ് ഗോ ഫസ്റ്റ് വിമാനം പുറപ്പെട്ടത്. സംഭവത്തില്‍ വിമാന കമ്പനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് യാത്രക്കാര്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യയേയും ടാഗ് ചെയ്തുകൊണ്ടാണ് യാത്രക്കാര്‍ പരാതി അയച്ചത്.
ബരിശോധനകള് എല്ലാം കഴിഞ്ഞ് ബോര്‍ഡിംഗ് പാസും വാങ്ങി വിമാനത്തില്‍ കയറാന്‍ എത്തിയവരെയാണ് കമ്പനി മറന്നുപോയത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ദുഃഖമുണ്ടെന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് പിന്നീട് പ്രതികരിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ 10 മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലേക്ക് അയച്ചു.






