
എറണാകുളം: കളമശ്ശേരി കൈപമുകളിലെ വീട്ടില്‍ നിന്ന് 500 കിലോ അഴുകിയ കോഴി ഇറച്ചി കണ്ടെടുത്തു. ഫ്രീസറിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ്മയുണ്ടാക്കാനായി വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്നവയാണിവ. പൂര്‍ണ്ണമായും അഴുകിയ നിലയിലായിരുന്നു ഇറച്ചി. ഇതര സംസ്ഥാനക്കാരായ ഹോട്ടല്‍ ജീവനക്കാരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത് . പാലക്കാട് സ്വദേശി ജുനൈസിന്റെ പേരിലാണ് വീട്.
തമിഴ്നാട്ടില്‍ നിന്നാണ് ഇത്തരം പഴകിയ ഇറച്ചികള്‍ കേരളത്തിലേയ്ക്ക് എത്തുന്നത്. 150 കിലോ പഴകിയ എണ്ണയും ഇവിടെ നിന്ന് കണ്ടെത്തി. ഇവയെല്ലാം ഹോട്ടലുകളിലേയ്ക്ക് വിതരണം ചെയ്യാനുള്ളതാണെന്ന് താമസിച്ചിരുന്ന ജീവനക്കാര്‍ തന്നെ വ്യക്തമാക്കി.
അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ ഫ്രീസര്‍ തുറന്നപ്പോഴേക്കും അസ്സഹനീയമായ ദുര്‍ഗന്ധം ഉയരുകയായിരുന്നു. സംസ്ഥാനത്ത് ഹോട്ടലുകളില്‍ വിതരണം ചെയ്യാനായി കുറഞ്ഞ വിലയ്ക്ക് ഇത്തരം പഴകിയ ഇറച്ചികള്‍ എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് കളമശ്ശേരിയിലെ വീട്ടില്‍ നിന്നും അഴുകിയ ഇറച്ചി കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചി നഗരസഭയുടെ നേതൃത്വത്തില്‍ നശിപ്പിക്കും.
നല്‍കിയിരിക്കുന്നത് : പ്രതീകാത്മകചിത്രം






